ന്യൂഡൽഹി : നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മൂന്നൂറിലേറെപേർക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 323 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 190 പേർ തമിഴ്നാട്ടിൽനിന്ന് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ആന്ധ്ര-70, ഡൽഹി- 24, തെലുങ്കാന -21, ആൻഡമാൻ 10, അസാം-5, പുതുച്ചേരി-2, കാശ്മീർ -1 എന്നിങ്ങനെയാണ് കൊറോണ ബാധിച്ചവരുടെ എണ്ണം. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ 190 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്.
നിസാമുദ്ദീനിൽ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ 1103 പേർ ഐസൊലേഷനിലാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിര കണക്കിന് പേർ സമ്മേളനത്തിൽ പങ്കെടുത്ത സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 8000ഓളം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട് 536 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. 1810 പേർ ക്വാറന്റൈനിൽ കഴിയുന്നതായും കെജരിവാൾ പറഞ്ഞു.