ration

തൊടുപുഴ: റേഷൻ കടയ്ക്കു മുന്നിൽ ഒരു മീറ്റർ അകലത്തിൽ നിരത്തിയിട്ട കസേരകൾ, അരികെ കൈകഴുകാൻ വെള്ളവും ഹാൻഡ് വാഷും, അകലം പാലിക്കണമെന്ന് നിർദ്ദേശിച്ച് ബോ‌ർഡ്. തൊടുപുഴയ്ക്കടുത്ത് പെരുമ്പിള്ളിച്ചിറയിലുള്ള റേഷൻകടയിൽ ഇന്നലെ സൗജന്യ റേഷൻ വാങ്ങാനെത്തിയവരെല്ലാം പതിവിന് വിപരീതമായ കാഴ്ച കണ്ട് ആദ്യമൊന്ന് അമ്പരന്നു. രാവിലെ ഒമ്പതിന് തന്നെ കടയിലെത്തിവരുടെ കൈയിൽ നിന്ന് പഞ്ചായത്ത് നിയോഗിച്ച വോളന്റീയേഴ്സ് റേഷൻ കാർഡ് വാങ്ങിയ ശേഷം കൈകൾ വൃത്തിയാക്കി കസേരകളിൽ വിശ്രമിക്കാൻ അഭ്യർത്ഥിച്ചു. ഒരു മീറ്റർ അകലത്തിലിട്ട കസേരകളിൽ അവർ ഇരുന്ന ശേഷം ഊഴമനുസരിച്ച് ഒരാളെ വോളന്റിയർ വിളിക്കും. ഒരു സഞ്ചിയിൽ വെള്ളഅരിയും മറ്റൊന്നിൽ പച്ചരിയും നൽകും. ശേഷം അടുത്തയാളെ വിളിക്കും. ഇങ്ങനെ റേഷൻകടകയിലെ തിരക്ക് ഒഴിവാക്കാൻ സാമൂഹ്യഅകലം പാലിച്ച് കസേരയൊരുക്കിയത് പഞ്ചായത്ത് മെമ്പർ കൂടിയായ നിസാർ പഴേരിയാണ്. ആയിരം കാർഡുകളുള്ള പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ റേഷൻകടയായതിനാൽ രാവിലെ തന്നെ ജനം കൂട്ടംകൂടാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ഇത്തരം സംവിധാനമൊരുക്കിയതെന്ന് നിസാർ പറഞ്ഞു. റിയാസ് പുതിയകുന്നേൽ നടത്തുന്ന കടയിൽ നിന്ന് ഇന്നലെ 180 പേരാണ് സാധനങ്ങൾ വാങ്ങിയത്.