ന്യൂഡൽഹി: തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്‌തത് പ്രധാനമായും അഞ്ച് ദീർഘദൂര ട്രെയിനുകളിലാണ്. മാർച്ച് 13 മുതൽ 19വരെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിനുകളിൽ സഞ്ചരിച്ച സമ്മേളന പ്രതിനിധികളിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് മറ്റ് യാത്രക്കാർക്ക് രോഗം പകർന്നിരിക്കാമെന്നാണ് ആശങ്ക.ഓരോ ട്രെയിനിലും 1000 - 1200 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.
ആ ട്രെയിനുകൾ
1. ആന്ധ്രയിലെ ഗുണ്ടൂരിലേക്കുള്ള ദുരന്തോ എക്‌സ്‌പ്രസ്
2.ചെന്നൈയിലേക്കുള്ള ഗ്രാന്റ് ട്രങ്ക് എക്‌സ്‌പ്രസ്
3.ചെന്നൈയിലേക്കുള്ള തമിഴ്‌നാട് എക്‌സ്‌പ്രസ്
4.ന്യൂഡൽഹി - റാഞ്ചി രാജധാനി എക്‌സ്‌പ്രസ്
5.ആന്ധ്രയിലേക്കുള്ള സമ്പർക്ക ക്രാന്തി എക്‌സ്‌പ്രസ്
ഇവയ്‌ക്ക് പുറമേ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലും ന്യൂഡൽഹി സ്റ്റേഷനിലും ദീർഘദൂര വണ്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ട്രെയിനുകളാണ് വരികയും പോവുകയും ചെയ്യുന്നത്. സമ്മേളനത്തിന് വന്നവർ ഈ ട്രെയിനുകളിലൊക്കെ യാത്രചെയ്‌തിരിക്കാം.