കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച കാസർകോട്– മംഗളൂരു ദേശീയ പാത തുറക്കാൻ കർണാടക സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണം. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാൻ കർണാടക ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ദേശീയ പാതകൾ കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രോഗികളുമായി പോകുന്ന വാഹങ്ങൾ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. അതിർത്തി തുറക്കില്ലെന്ന കർണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. മനുഷ്യന്റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ടെന്നും കോടതി വ്യക്തമാക്കി. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നാണ് കർണാടകത്തിന്റെ സമീപനത്തെ കോടതി വിലയിരുത്തിയത്. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.