ന്യൂയോർക്ക്: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു. രോഗികളുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റ ദിവസം കൊണ്ടാണ് ഒരു ലക്ഷത്തോളം രോഗികളുടെ വർദ്ധനവുണ്ടായത്. യു.എസിൽ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളമെത്തി. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ തന്നെ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്. നടപടികൾ പരാജയപ്പെട്ടാൽ മരണം 15–22 ലക്ഷം ആകുമെന്നാണ് വൈറ്റ്ഹൗസ് കൊവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ദ്ധ ഡോ.ഡെബറ ബേർക്സ് നൽകുന്ന മുന്നറിയിപ്പ്. ലോകത്തെല്ലായിടത്തുമായി മരിച്ചവരുടെ എണ്ണം 47,194 ആയിട്ടുണ്ട്. ചികിത്സയിൽ കഴിഞ്ഞിരുന്ന 1,93,177 പേർ രോഗമുക്തി നേടി.
അമേരിക്കയിൽ മരണസംഖ്യ 4056 ഉം ഫ്രാൻസിൽ 3523 ഉം ആണ്. ചൈനയിൽ 3312 പേരാണ് മരിച്ചത്. മരണനിരക്കിൽ ചൈനയെ മറികടന്ന് ഫ്രാൻസ് മുന്നിലെത്തി. എന്നാൽ, ഇത് ശരിക്കുള്ള കണക്കല്ലെന്നും കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനിടെ യു.കെയിലും സ്‌പെയിനിലും റെക്കോര്‍ഡ് മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.കെയില്‍ 563 ഉം സ്‌പെയിനില്‍ 864 ഉം പേര്‍ കൂടി ബുധനാഴ്ച മരിച്ചു.
രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ 10 ലക്ഷം ആരോഗ്യപ്രവർത്തകരോട് സഹായം തേടി. 80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധ സേവനത്തിനുണ്ടായിട്ടും കാര്യങ്ങൾ എങ്ങുമെത്താത്ത അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളിലും ന്യൂയോർക്കിലേതിന് സമാനമായ സാഹചര്യമുണ്ടാകുമോ എന്ന ഭയവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ കാലിഫോർണിയയിൽ രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം രണ്ടിരട്ടിയുമായി.