കാസർകോട്: രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേർക്ക് കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ നിന്ന് വന്ന മുഴുവൻ പേരിലും കൊവിഡ് നിർണയ പരിശോധന നടത്തിയപ്പോഴാണ് രോഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങളായ ചുമ, പനി അടക്കമുള്ളവ ഇല്ലായിരുന്നു. പിന്നീട് രോഗികളുടെ തന്നെ ആവശ്യപ്രകാരമാണ് രക്തവും സ്രവവും ലാബിലേക്ക് പരിശോധനക്ക് അയച്ചത്. ലാബിലെ പരിശോധനയിൽ നിന്നാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്
അതേസമയം, മികച്ച ആരോഗ്യവും പ്രതിരോധ ശേഷിയും ഉള്ളതിനാലാകാം ഇവർക്ക് രോഗലക്ഷണങ്ങൾ കാണാത്തതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. അതിസങ്കീർണമായ ഈ അവസ്ഥയിൽ ജനങ്ങളും കടുത്ത ആശങ്കയിലാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് 19 പിടിപെടുന്ന സാഹചര്യം സമൂഹ വ്യാപനത്തിന് ഇടയാക്കുമെന്ന് ആശങ്കയിലാണ് ആരോഗ്യവകപ്പ്.
ദുബായിലെ നെയ്ഫിൽ നിന്ന് നാട്ടിലെത്തിയ ഒരാളും രോഗം സ്ഥിരീകരിച്ച ഏഴുപേരും. നെയ്‌ഫ് മേഖലയിൽ നിന്ന് നാട്ടിലെത്തുന്നവരെ രോഗ ലക്ഷണം ഇല്ലെങ്കിൽ കൂടി ഇപ്പോൾ സ്രവം പരിശോധനക്ക് അയക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഗൾഫിൽ നിന്ന് എത്തുന്ന മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന നിലവിൽ പ്രായോഗികമല്ലെന്ന് ആണ് ആരോഗ്യവകുപ്പ് പറയുന്നത്.
അതിനുമാത്രമുള്ള സംവിധാനം നമുക്ക് ഇവിടെ ഇല്ല. ഗൾഫിൽ നിന്നും നാട്ടിൽ വരുന്നവരോട് 28 ദിവസം വീടുകളിൽ കർശനമായ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് നിലവിൽ നിർദേശിക്കുന്നത്. അതേസമയം റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാൽ എല്ലാവരുടെയും പരിശോധന നടത്തും. അതിന് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും റാപിഡ് ടെസ്റ്റ് തുടങ്ങണം. ഈ പരിശോധന ഫലം പോസിറ്റീവ് ആയാലും നിലവിലുള്ള ഇ.സി.ആർ പരിശോധന കൂടി ചെയ്തു ഉറപ്പുവരുത്തേണ്ട വരും.
ആളുകളിൽ പ്രതിരോധശേഷി കൂടുതലുള്ളതുകൊണ്ട് ആകാം കൊവിഡ് രോഗം ഉണ്ടായിട്ടും രോഗലക്ഷണങ്ങൾ കാണാതിരുന്നത് എന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് വലിയ സങ്കീർണതയാണ്. രോഗം പിടിപെട്ട ആളുകളെ തിരിച്ചറിയാൻ പ്രയാസം നേരിടുന്നത് കാരണം സമ്പർക്കത്തിലുള്ളവരുടെ രോഗബാധ കൂടുമെന്നാണ് അധികൃതർ ഭയക്കുന്നത്.
ബുധനാഴ്ച കാസർകോട് ജില്ലയിൽ 12 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 120ഒാളം പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. സംസ്ഥാനത്ത് ഇന്നലെ 24 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ 2 വീതം, പാലക്കാട് ഒന്ന്. 267 പേർക്ക് രോഗം സ്ഥിരീകരിച്ചു.