കുന്നംകുളം: വീടിനും മരത്തിനും മുകളിൽ ഓടിക്കയറുകയും നിമിഷ നേരം കൊണ്ടു ഓടി മറയുകയും ചെയ്യുന്നു. അമാനുഷിക കഴിവുള്ള, അജ്ഞാതരൂപിയായ ഒരു കള്ളനെ ഭയന്നു കഴിയുകയാണ് തൃശൂരിലെ കുന്നംകുളം നിവാസികൾ. ഈ അജ്ഞാതരൂപം കരിക്കാട്, ഭട്ടിമുറി, തിരുത്തിക്കാട്, പഴഞ്ഞി, മിച്ചഭൂമി ,ചിറയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
രാത്രി 8 മണി കഴിഞ്ഞാൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ 'അജ്ഞാത രൂപത്തെ കണ്ടു' എന്ന സന്ദേശം വരുന്നു. പിന്നെ നാട്ടിലെ ചെറുപ്പക്കാർ ഓട്ടത്തോട് ഓട്ടമാണ്. രാത്രിയായതിനാൽ അശ്രദ്ധമൂലം കിണറ്റിൽ വീണവരുമുണ്ട്. അജ്ഞാതൻ, ഒരാൾ മാത്രമാണ് എന്നു പറയുന്നവരും മൂന്നു പേരുണ്ട് എന്ന് പറയുന്നവരുമുണ്ട്. പകൽ സമയം ലോക്‌ഡൗൺ കാരണം വീട്ടിൽ കഴിയുന്ന യുവാക്കൾ രാത്രിയിൽ സാമൂഹിക അകലം മറന്ന് കള്ളനെ തിരഞ്ഞ് പുറത്തിറങ്ങുകയാണ്.
എന്നാൽ, അജ്ഞാതരൂപത്തെ കുറിച്ച് ഭീതി വേണ്ടെന്നും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഓൺലൈൻ ഗെയിമിന്റെ ഭാഗമായുള്ള എന്തെങ്കിലും ടാസ്‌ക്, അല്ലെങ്കിൽ ഭീതി ജനിപ്പിക്കാൻ സാമൂഹി വിരുദ്ധർ നടത്തുന്ന ശ്രമം എന്നിവ സംശയിക്കുന്നതായി സ്ഥലം സി.ഐ വ്യക്തമാക്കി.