ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ സാൻ റാഫേൽ വെള്ളച്ചാട്ടം അപ്രത്യക്ഷമായതായി നാസയുടെ കണ്ടെത്തൽ. ഇക്വഡോറിയൻ ആമസോൺ വനാന്തരങ്ങളിൽ കൊളംബിയ അതിർത്തിയ്ക്ക് സമീപം കൊക്ക നദിയിലാണ് 500 അടിയോളം ഉയരമുള്ള സാൻ റാഫേൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇന്ന് വെള്ളച്ചാട്ടത്തിന്റെ സ്ഥാനത്ത് മൂന്ന് നീർച്ചാലുകൾ മാത്രമാണുള്ളത്. വെള്ളച്ചാട്ടത്തിനു മുകളിൽ നദിയിൽ ഒരു ഭീമൻ സിങ്ക് ഹോൾ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരിയോടെയാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നതെന്നാണ് നിഗമനം. നദി എതിർദിശയിലേക്ക് മാറി ഭൂമിയ്ക്കടിയിലേക്ക് ഒഴുകുന്നതാണ് വെള്ളച്ചാട്ടം അപ്രത്യക്ഷമാകാൻ കാരണമായതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയം വിലയിരുത്തുന്നു. എന്നാൽ ഇത് തന്നെയാണോ യഥാർത്ഥ കാരണമെന്ന് വ്യക്തമായിട്ടില്ല. പ്രകൃതി പ്രതിഭാസമാണ് വെള്ളച്ചാട്ടം അപ്രത്യക്ഷമാകാൻ കാരണമെന്ന് വിലയിരുത്തുമ്പോൾ 2016ൽ നദിയിൽ സ്ഥാപിച്ച ജലവൈദ്യുതപദ്ധതിയിലേക്കാണ് ചിലർ വിരൽചൂണ്ടുന്നത്. വെള്ളച്ചാട്ടത്തിൽ നിന്നും 12 മൈൽ അകലയാണ് ജലവൈദ്യുതനിലയം സ്ഥിതി ചെയ്യുന്നത്. പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന സാൻ റാഫേൽ വെള്ളച്ചാട്ടത്തിലേക്കുള്ള എല്ലാ പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. സംഭവത്തെ പറ്റി പഠിക്കാൻ ഇക്വഡോർ പ്രത്യേക ഗവേഷണ സംഘത്തെ നിയോഗിച്ചു.