ലണ്ടൻ : പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വിലക്ക് മറികടന്ന് ആളുകൾ നീന്താനെത്തിയതോടെ തടാകം കറുപ്പ് നിറമാക്കി പൊലീസ്. ഇംഗ്ലണ്ടിലെ ഹാർപർ ഹില്ലിലെ ചുണ്ണാമ്പ് ക്വാറിയിലുള്ള ' ബ്ലൂ ലെഗൂൺ ' എന്നറിയപ്പെടുന്ന തടാകത്തിനാണ് നിറം മാറ്റം. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ തടാകത്തിൽ അവധി ആഘോഷിക്കാനെത്തുന്നത് തടയാനാണ് ഇങ്ങനെയൊരു നീക്കം.
കൊവിഡ് വ്യാപനം തടയാൻ ഇംഗ്ലണ്ടുകാർ വീടിനു പുറത്തിറങ്ങരുതെന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. എന്നാൽ വിലക്കുകൾ വകവയ്ക്കാതെ ഉപയോഗശൂന്യമായ ഈ ക്വാറിയിലെ തടാകത്തിൽ നിരവധി പേർ നീന്താനെത്തുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മനോഹരമായ പച്ചകർന്ന നീല നിറമാണ് തടാകത്തിന്റെ പ്രത്യേകത. ഈ നിറമുള്ള ഇംഗ്ലണ്ടിലെ ഏക തടാകവും ഹാർപർ ഹില്ലിലേതാണ്. ജലത്തിലെ കാൽസ്യം കാർബണേറ്റിന്റെയും ചുണ്ണാമ്പിന്റെയും സാന്നിദ്ധ്യമാണ് ഈ നിറത്തിന് കാരണം.
ഐസ് പോലെ തണുപ്പും തടാകത്തിന്റെ പ്രത്യേകതയാണ്. കാണാൻ മനോഹരമാണെങ്കിലും തടാകത്തിലെ ജലത്തിൽ രാസപദാർത്ഥങ്ങളുടെ സാന്നിദ്ധ്യവും പി.എച്ച് ഘടകത്തിന്റെ അളവും കൂടുതലാണ്. കൂടാതെ ആളുകൾ ഇവിടെ മാലിന്യങ്ങൾ തള്ളാറുമുണ്ട്. ഇക്കാരണങ്ങളാൽ തടാകത്തിലെ ജലത്തിന് വിഷാംശമുണ്ട്. ആൽക്കലൈൻ സ്വഭാവം കൂടിയ ഈ ജലം ത്വക്കിന് ദോഷം ചെയ്യുമെന്ന് ചില ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാരണങ്ങൾ മുൻനിറുത്തി തടാകത്തിൽ നീന്തുന്നത് വിലക്കാൻ 2013ൽ അധികൃതർ തടാകം സമാനരീതിയിൽ കറുത്ത നിറമാക്കിയിരുന്നു. എന്നാൽ 2015ൽ തടാകത്തിന്റെ നിറം വീണ്ടും പഴയ പോലെയായി. 2016ൽ വീണ്ടും നിറം മാറ്റിയെങ്കിലും 2019ൽ പഴയ നീല നിറം മടങ്ങിയെത്തിയിരുന്നു.