collector-


ഭൂനികുതി സമീന്താരിയിൽ നിന്നും മാറ്റി നേരിട്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഒടുക്കാൻ വാറൻ ഹേസ്റ്റിങ്ങ്സ് 1772 ൽ നിയമിച്ചു തുടങ്ങിയ ഉദ്യോഗസ്ഥനാണ് 'ജില്ലാ കളക്ടർ'. അതായത് സ്വതന്ത്ര ഇന്ത്യക്കും 175 വർഷം മുൻപ് നിലവിൽ വന്ന തസ്തികയ്ക്ക് ഇന്ന് 248 വർഷം പിന്നിടുകയാണ്. 2022 ൽ ഇന്ത്യയിൽ കളക്ടർക്ക് 250 വയസ്സാകും. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പബ്ലിക് ഓഫീസാണ് കളക്ടറുടേത്. കമ്പനി ഭരണം 1857 ൽ ഒടുങ്ങി ബ്രിട്ടീഷ് സർക്കാർ സർവ്വീസിലൂടെ 1950 ലെ ഭരണഘടനയിൽ എത്തി, ഭാരതീയവൽക്കരിക്കപ്പെട്ടതിനു ശേഷം ഇന്ന് കൊവിഡ് 19 പോലെയുള്ള ഒരു മഹാമാരി ഭാരതം വിജയകരമായി നേരിടുന്നതു പോലും പുതിയ വെല്ലുവിളികൾ സധൈര്യം ഏറ്റെടുക്കാൻ നമുക്ക് ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ഒരു പ്രതിരോധ നിര ഉള്ളതുകൊണ്ടാണ്. ബ്രിട്ടീഷ് കളക്ടർമാർ പത്തും ഇരുപതും വർഷം അന്നത്തെ ബ്രിട്ടീഷ് ജില്ലകളിൽ തുടരുന്നതു സാധാരണമായിരുന്നു. ഇരുപതു കൊല്ലം മലബാറിൽ ചിലവിട്ടാണ് ലോഗൻ പ്രശസ്തമായ മലബാർ മാന്വൽ എഴുതുന്നത്. ഇനിയൊരു ജില്ലാ മാന്വൽ ഒരു കളക്ടർക്ക് എഴുതാൻ അസാധ്യമായിരിക്കും.


സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുമ്പോൾ ഞാനാലോചിച്ചു പോകുകയാണ്, ഒരു കളക്ടർക്ക് താങ്ങാവുന്ന ഭരണ ഭാരമാണോ കൊവിഡ് പോലെ ഒരു മഹാമാരി സമയത്ത് ജില്ലയിൽ ഉളവാകുന്നതെന്ന്. ഏതായാലും എല്ലാവരും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ ഏകോപനം, പകർച്ച വ്യാധി തടയൽ നിയമം, ചികിത്സാ പ്രതിരോധ സാമഗ്രികളുടെ വിതരണം, ഭക്ഷ്യ അവശ്യ വസ്തുക്കളുടെ സംഭരണം, ഏകോപനം, വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, കാർഷിക വിളകളുടെ വിളവെടുപ്പ്, പച്ചക്കറി വിതരണം, ക്രമസമാധാനം, അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിങ്ങനെ വിപുലമായ പ്രവർത്തനമണ്ഡലമാണ് നിലവിൽ കളക്ടർമാരുടേത്.



വകുപ്പുകളുടെ ശക്തിപ്പെടൽ ബാധിച്ചിട്ടുണ്ടെങ്കിലും ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിലും ഭാവിയിൽ പല ഭരണ വകുപ്പുകളിലും സ്വാധിനമുണ്ടാകാനിടയുള്ള സെക്രട്ടറി എന്ന നിലയിലും ജില്ലാകളക്ടറായ അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥന് പ്രാമുഖ്യം ലഭിക്കുന്നത് സംസ്ഥാനത്തിനകത്തു മാത്രമല്ല, ഇതര സംസ്ഥാന ജില്ലകളിൽ ഏറെക്കുറെ അറിയുന്ന സമാന റാങ്കിലെ ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ടാണ്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ സൗകര്യം ബംഗാൾ, യു പി യിലെ ഉദ്യോഗസ്ഥരും കേരളത്തിലെ കളക്ടർമാരും സംസാരിച്ച് ഏറെക്കുറെ പരിഹാരം കണ്ടെത്താൻ കഴിയുന്നത് അതുകൊണ്ടാണ്. ആഭ്യന്തര ആഗോളീകരണം മുന്നേക്കൂട്ടി കണ്ട് സൃഷ്ടിച്ചതാണ് നമ്മുടെ കളക്ടറുടെ പദവി എന്നു തോന്നുന്നു.

ഓരോ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലും ഹിന്ദിയും തെലുങ്കും ബംഗാളിയും ഒക്കെ സംസാരിക്കുന്ന പത്തിരുപതു ശതമാനം ഓഫീസർമാർ ഉള്ളതുകൊണ്ട് ആഭ്യന്തര ആശയ വിനിമയശേഷി പതിന്മടങ്ങാകുന്നു. സംസ്ഥാനത്തിനു വേണ്ട സിവിൽ സപ്ലൈസ് ആന്ധ്രയിൽ നിന്നെടുക്കാൻ തെലുങ്കുഭാഷയുള്ളയാളെയും രാജസ്ഥാനിൽ നിന്നും മുളകെത്തിക്കാൻ രാജസ്ഥാൻകാരനും, മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാരയ്ക്ക് പൂനെക്കാരനെയും അവിടങ്ങളിൽ നിന്നെല്ലാം കേരളത്തിൽ കുടുങ്ങിയവരെ സംരക്ഷിക്കാൻ അവിടെയെല്ലാമുള്ള മലയാളികളെയും പരസ്പരം സംസാരിപ്പിക്കുന്ന മായാവിദ്യ ഐ.എ.എസ്സിനു മാത്രം സാധിക്കുന്ന ഒരത്ഭുതമാണ്. ഈ അനൗദ്യോഗിക പരിചിത ശൃംഖല ആണ് ഐ.എ.എസ്സിന്റെ ശക്തി. പോലീസിനും നല്ലൊരു ശതമാനം അന്യ മാതൃഭാഷയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് നേട്ടമാണുള്ളത്.

അങ്ങനെയാണ് നമ്മുടെ യുദ്ധമുറിയിൽ ഉള്ള ഐ.എ.എസ്സുകാർ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ സിവിൽ സപ്ലൈസ് നില ഏതാണ്ട് ഭദ്രതയിലേക്കു തിരിച്ചു കൊണ്ടു വരുന്നതും രാജ്യത്താകെ കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കുന്നതും.

ഇറ്റലിയും അമേരിക്കയും ഒക്കെ കൊവിഡ് 19 പോലെ ഒരു പ്രതിഭാസത്തിനു മുന്നിൽ അടി പതറുമ്പോൾ ഫെഡറൽ ഭരണനേതൃത്വമുള്ള ഫ്രാൻസും ഇന്ത്യയും താരതമ്യേന കൂടുതൽ പിടിച്ചുനിൽക്കുന്നതു ശ്രദ്ധിക്കണം.

ഐ.എ.എസ്സും ജില്ലാകളക്ടറും ഇന്ത്യയുടെ ഭരണ പ്രശ്നങ്ങൾക്കുള്ള ഒരൊറ്റമൂലിയല്ല, എന്നാൽ ഇന്ത്യയുടെ ഭരണ വെല്ലുവിളികൾക്ക് സർദാർ പട്ടേൽ നെഹ്രുവിന് നൽകിയ ഒരു പരിഹാരമാണത് എന്നതു മറക്കരുത്. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രസംസ്ഥാനപ്രാദേശിക ഭരണകൂടത്തെ ഏകോപിപ്പിക്കുന്ന ഇന്ത്യയുടെ വലിയ കരുത്താണ് ഐ.എ.എസ്സും, ജില്ലാകളക്ടറുടെ ഓഫീസും എന്ന് കോവിഡ് അനുഭവം വീണ്ടും തെളിയിക്കുന്നു. വാറൻ ഹേസ്റ്റിങ്ങ്സിനും സർദാർ പട്ടേലിനും ഒരുപോലെ സ്വീകാര്യമായ ഒരു ചരിത്രത്തിന്റെ തുടർച്ചാ സംവിധാനമാണ് അതെന്നും ഓർക്കാം. അതിന്റെ ഗുണഫലം കൊവിഡ് 19 നേരിടുമ്പോൾ ഭാരതത്തിനുണ്ട്.


അഭിപ്രായം വ്യക്തിപരം