കൊവിഡ് 19 കേരളത്തിൽ വ്യാപകമായതോടെ പ്രവാസികൾക്ക് എതിരെ വലിയ രീതിയിലുളള എതിർപ്പും വിമർശനവുമാണ് സമൂഹത്തിലെ ചില ആളുകളിൽ നിന്നും ഉയർന്നു വരുന്നത്. പ്രവാസികളെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും പലസ്ഥലങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഈ അവസരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രവാസികളെ അനുകൂലിച്ചു കൊണ്ട് ഇത്തരക്കാർക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികളുടെ ജീവിതാനുഭവം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് രംഗത്ത് വന്നത്.
ജീവിത പ്രാരാബ്ധങ്ങളാണ് തങ്ങളെ പ്രവാസിയാക്കിയതെന്നും, ആരും ആഗ്രഹിച്ചിട്ടല്ല സ്വന്തം നാടും വീടും വിട്ട് പ്രവാസിയാകുന്നത് എന്നും യുവാവ് പറയുന്നു. വെളി നാട്ടിൽവച്ച് വൈറസ് ബാധയേറ്റ് മരണപ്പെട്ടാൽ മൃതശരീരം നാട്ടിൽ എത്തുമൊ എന്നു പോലും ഉറപ്പില്ലെന്നും യുവാവ് കൂട്ടി ചേർത്തു. ഈ കാരണത്താൽ ഭക്ഷണം കഴിക്കാൻ പോലും പ്രവാസികൾ പുറത്തിറങ്ങാറില്ലെന്നും ഇയാൾ പറയുന്നു. പ്രവാസികളുടെ മാനസികാവസ്ഥയും, ജീവിതവുമാണ് യുവാവിന്റെ വരികളിൽ കാണാനാകുന്നത്. അറിഞ്ഞു കൊണ്ട് പ്രവാസികൾ വൈറസ് വ്യാപിപ്പിക്കുന്നില്ലെന്നും യുവാവ് പറയുന്നു. അതേസമയം എല്ലം മാറി മറിയുന്ന ഒരു ദിവസം വരുമെന്നും അന്ന് പ്രതീക്ഷകളുടെ കാർഡ് ബോർഡ് പെട്ടിയുമായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങി വരുമെന്നും യുവാവ് കൂട്ടിചേർത്തു. സമൂഹ മാദ്ധ്യമങ്ങളിൽ പ്രാവാസികൾക്ക് എതിരെ വിമർശം ഉയരുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി പ്രവാസിയായ യുവാവ് രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത് ഇപ്പോൾ ഇവിടെ എഴുതി പോസ്റ്റ് ചെയ്യാമോ എന്നറിയില്ല എങ്കിലും ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ എഴുതി പോസ്റ്റ് ചെയ്തിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.... നമ്മുടെ മുഖ്യമന്ത്രി പ്രവാസികളെ അനുകൂലിച്ചു പറഞ്ഞപ്പോൾ അതിനെതിരെ വന്ന കുറച്ചു കമന്റുകളും വാർത്തകളും പ്രതികരണങ്ങളും കേൾക്കാനിടയായി ദേഷ്യവും സങ്കടവും പുച്ഛവുമെല്ലാം തോന്നി.... നിങ്ങളോടാരെങ്കിലും പറഞ്ഞോ പ്രവാസികളാകാൻ???... നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ???... പ്രവാസികൾ പണം അയച്ചിട്ടാണ് നമ്മുടെ സമ്പത്ഘടന നില നിൽക്കുന്നത് എന്നൊക്കെ ഒരുപാട് കമന്റുകൾ... ഈ പറഞ്ഞ, പറയുന്ന, അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർ അറിയുവാൻ.. ആരും ഒരിക്കലും സ്വയം ഇഷ്ടപ്പെട്ടല്ല പ്രവാസത്തിലേയ്ക്ക് ഇറങ്ങി തിരിക്കുന്നത് ജീവിത സാഹചര്യങ്ങൾ കൊണ്ട് അല്ലെങ്കിൽ എനിക്ക്, എന്റെ പ്രിയപ്പെട്ടവർക്ക് മെച്ചപ്പെട്ടൊരു ജീവിത സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ചാണ് ഓരോരുത്തരും വരുന്നത് അതെ ഞങ്ങളെ നിർബന്ധിച്ചാണ് പ്രവാസികളാക്കിയത്.. ഞങ്ങളെ നിർബന്ധിച്ചതാരെന്നറിയണ്ടേ???.. ഞങ്ങളുടെ ജീവിതസാഹചര്യമാണ് ഞങ്ങളെ നിർബന്ധിച്ചത്, ഞങ്ങളോട് പറഞ്ഞത്. ആദ്യമായി ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസലോകത്തിലേയ്ക്ക് വരുന്ന ഒരാളിന്റെ മാനസികാവസ്ഥ എന്താണെന്നു നിങ്ങള്ക്ക് ഊഹിക്കാനെങ്കിലും കഴിയുമോ???.. നെഞ്ച് പൊട്ടിപിളരുന്ന ഒരു വേദനയായിരിക്കും എയർപോർട്ടിലിരിക്കുമ്പോൾ ശ്വാസം മുട്ടുന്നതുപോലെ തോന്നും ഫ്ലൈറ്റ് പൊങ്ങി ഉയരുമ്പോൾ, പിന്നെ ഓർമ്മകൾ വെന്തുരുകുന്ന ഒരു നാല് മണിക്കൂർ യാത്ര.... അത് കഴിഞ്ഞു ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന സമയം മുതൽ ചിന്തിക്കുന്നത് എന്നായിരിക്കും എനിക്ക് എന്റെ നാട്ടിൽ തിരിച്ചുപോകാൻ കഴിയുന്നത് എന്ന് മാത്രം ആണ്.. പിന്നെ എയർപോർട്ടിൽ വിളിക്കാൻ വരുന്നത് ഒരു അടുത്ത സുഹൃത് ആണെങ്കിൽ ഒരു ചെറിയ ആശ്വാസം ഉണ്ടാകും.. അതല്ല ജോലി കിട്ടിയ കമ്പനിയിൽ നിന്നാണെങ്കിൽ യാതൊരു പരിചയവുമില്ലാത്ത, പറയുന്ന ഭാഷ പോലും മനസിലാക്കാൻ പറ്റാത്തൊരാൾ.. വണ്ടിയിൽ കയറുന്ന സമയം മുതൽ മനസ് പിടഞ്ഞു ചിന്തിക്കാൻ തുടങ്ങും എങ്ങോട്ടായിരിക്കും എന്നെ കൊണ്ടുപോകുന്നതെന്നു... മനോഹരം എന്ന് സിനിമയിലും മറ്റും കണ്ട സ്ഥലങ്ങളും മനോഹര കാഴ്ചകളും മങ്ങിയായിരിക്കും അപ്പോൾ നമ്മൾ കാണുന്നുണ്ടാവുക... ഒരു വലിയ കെട്ടിടത്തിന് മുന്നിൽ നിർത്തിയ വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ തോന്നില്ല നമ്മളെ എയർപോർട്ടിൽ നിന്നും കൂട്ടികൊണ്ടുവന്നയാൾ എന്താണ് പറയുന്നതെന്നുപോലും മനസിലാവില്ല പിന്നെ അയാളുടെ പിറകെ പോകുമ്പോൾ അവിടെ ഒരു ചെറിയ കുടുസുമുറിയിൽ രണ്ടു സൈഡിലായി ഇട്ടിരിക്കുന്ന ഡബ്ബിൾ ഡക്കർ കട്ടിലുകളിലൊന്നായിരിക്കും ഞങ്ങളുടെ "ബെഡ് സ്പേസ്"അഥവാ എന്റെ റൂം. അവിടെ ഒരു മലയാളിയെയെങ്കിലും റൂംമേറ്റ് ആയി കിട്ടിയാൽ എന്റെ ഭാഗ്യം.. അവിടെ നിന്നും തുടങ്ങുകയാണ് ഉറക്കമില്ല രാത്രികളോടെ പ്രവാസം.എന്തായിരിക്കും എന്റെ ജോലി അതെങ്ങനെയായിരിക്കും എന്നുള്ള ചിന്തകളോടെ ആയിരിക്കും പ്രഭാതം ഉണരുന്നത്. എന്ത് ജോലി ആയാലും അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മൾ അത് ചെയ്തേ പറ്റുള്ളൂ, ആരോടും പരാതിയോ പരിഭവമോ പറയാൻ പറ്റില്ല. സമയം കടന്ന് പോകുന്നേയില്ലെന്നു നമുക്ക് തോന്നും ഇനി എത്ര നല്ലതോ എളുപ്പമുള്ളതോ ഉള്ള ജോലി ആയാലും അത് നമുക്ക് ഭീകരം ആയി തോന്നും പിന്നെ ആദ്യമായി നാട്ടിൽ ഫോൺ വിളിക്കുന്ന ആ ഒരു രംഗം നമ്മൾ ചിലപ്പോൾ ഒരിക്കലും മറക്കാൻ ഇടയില്ല.. കരയില്ലെന്നു കരുതിയാലും കണ്ണും മൂക്കും പൊട്ടിയൊഴുകുന്നുണ്ടായിരിക്കും... പിന്നെ മനസ് ചത്ത ഒരു അവസ്ഥയിൽ ആയിരിക്കും കാര്യങ്ങൾ പോകുന്നത്.. മനസിലാവാത്ത ഭാഷകളിൽ വഴക്കും തെറി വിളിയും കേട്ട് ഒരു മാസം കടന്നു പോകുന്നു എങ്ങനെയെങ്കിലും നാട്ടിൽ പോകണമെന്ന് ഓരോ നിമിഷങ്ങളിലും മനസും ബുദ്ധിയും ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.. അപ്പോളേക്കും സാലറി കിട്ടുന്നു അവിടെയാണ് ഞാൻ അടക്കമുള്ള പ്രവാസികളുടെ "റ്റെർണിങ് പോയിന്റ് " 1300 ദിർഹം അതായത് നാട്ടിലെ 24,050 രൂപ(ഇപ്പോൾ ഇതിലും കൂടുതൽ ഉണ്ട് ) ഞാൻ അടക്കമുള്ള പ്രവാസികൾ ചിന്തിക്കുന്നൊരു അല്ലെങ്കിൽ ചിന്തിച്ചൊരു സമയം ആണത്. പ്രതീക്ഷകളുടെ പുൽനാമ്പുകൾ വളരുന്നൊരു സമയമാണത്. അവിടുന്ന് മുതൽ ഞങ്ങൾ ചിന്തിക്കും നാട്ടിൽ എന്ത് ജോലി ചെയ്‌താൽ നമ്മൾക്ക് ഇത്രയും രൂപ കിട്ടും അല്ലെങ്കിൽ എനിക്ക് നാട്ടിൽ ഇത്രയും രൂപ സാലറി ആയി ഒരു മാസം കിട്ടുമോയെന്നു. ഈ കാശ് നാട്ടിൽ എത്തിയതിനു ശേഷം അവിടുന്നുള്ള പ്രതികരണങ്ങൾ വന്നതിനു ശേഷം ആണ് ഞങ്ങൾ തീരുമാനിക്കുന്നത് ഒരു രണ്ടു വർഷത്തേയ്ക്ക് പ്രവാസിയായി ജീവിക്കാം" എന്ന്. അവിടെ മുതലാണ് ഞങ്ങൾ ശെരിക്കും പ്രവാസികളാകുന്നത്.... പ്രായോഗിക ബുദ്ധി കൊണ്ട് രക്ഷപ്പെടാൻ പ്രവാസികൾക്കെ കഴിയുകയുള്ളു.പ്രായോഗിക ബുദ്ധിയും ഭാഗ്യവും ആണ് ഒരു പ്രവാസിയെ വളർത്തുന്നതും സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും. പ്രായോഗിക ബുദ്ധിയിലും കഠിനാധ്വാനത്തിന്റെ മുന്നിലും ഡിഗ്രികൾക്ക് വെറും പേപ്പറിന്റെ വിലയെ ഉള്ളു. ഒരു പ്രവാസിയുടെ ഏറ്റവും വലിയൊരു സ്വപ്നം എന്നത് സ്വന്തമായൊരു വീട് എന്നതാവും ഞങ്ങൾ ആശിച്ചു മോഹിച്ചു കാക്ക കൂടുകൂട്ടാൻ ചുള്ളിക്കമ്പുകൾ ശേഖരിക്കുന്നതുപോലെ കാശ് കൂട്ടി വച്ചൊരു വീടുണ്ടാക്കുന്നു സ്വപ്നം കൊണ്ടുണ്ടാക്കിയ ആ വീട്ടിൽ ഞങ്ങൾ എത്ര ദിവസം താമസിക്കുന്നു എന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു വർഷത്തിൽ ഒരു മാസം മാത്രമായിരിക്കും ഞങ്ങൾ താമസിക്കുന്നത് ഇനി നിങ്ങൾക്ക് നാട്ടിൽ ജോലി ചെയ്തുകൂടെ എന്ന് ചോദിക്കുന്നവർക്ക്, നാട്ടിൽ പ്ലസ് ടു വരെ പഠിച്ച എന്നെപോലുള്ളവർക്ക്(professional ആയുള്ളവർ പോലും ആയിരക്കണക്കിനു ഒരു ജോലിയുമില്ലാതെ നമ്മുടെ നാട്ടിൽ ഉണ്ട് ) എത്ര രൂപ സാലറി കിട്ടാനാണ്, എന്ത് ജോലി കിട്ടാനാണ് ഇതിലെല്ലാം ഉപരി ഞാൻ എന്നാണ് ഒരു സമ്പാദ്യം ഉണ്ടാക്കുന്നത്??? പക്ഷെ ഞാൻ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ എന്റെ പ്രിയപ്പെട്ടവർ സന്തോഷത്തോടെ സുരക്ഷിതരായി ജീവിക്കുന്നു അതു തന്നെയായായിരിക്കും എന്റെ വലിയ സന്തോഷം.. ഞാൻ പ്രവാസി ആയതുകൊണ്ട് എന്റെ കൂടപ്പിറപ്പുകൾക്കു നല്ല ജീവിതമുണ്ടാകുന്നു ഞങ്ങളുടെ കൂട്ടുകാരിലും നാട്ടുകാരിലും ഞങ്ങളുടെ സഹായം എത്തിക്കുന്നു. ഞങ്ങൾ പ്രവാസികൾ ഒരു പാട് പേരിലേക്ക് പുഞ്ചിരിയും സ്വാന്തനവും ആശ്വാസവും ഏകുന്നു ഇവിടെ ഒരു കൊറോണ വൈറസ് വന്നത് മൂലമാണല്ലോ നാട്ടിലുള്ള പലർക്കും ഞങ്ങൾ പ്രവാസികൾ വെറുക്കപ്പെട്ടവരായത് ഞങ്ങൾ അറിഞ്ഞുകൊണ്ട് വൈറസ് വാഹകരാകുമെന്നു നിങ്ങള്ക്ക് തോന്നുന്നുണ്ടോ ഞങ്ങളെ കുറ്റം പറയുന്ന നിങ്ങൾക്ക് നെഞ്ചിൽ കൈ വച്ച് പറയാനാകുമോ ഒരു ഗൾഫുകാരൻ കൊണ്ട് വന്നു തന്ന ഒരു മിട്ടായി പോലും നിങ്ങൾ കഴിച്ചിട്ടില്ലെന്ന്??? നിങ്ങൾക്കറിയുമോ ഞങ്ങൾ ഇവിടെ മരണപ്പെട്ടാൽ ഞങ്ങളുടെ ശരീരം പോലും നാട്ടിലെത്തുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തൊരു സിറ്റുവേഷൻ ലാണ് ഞങ്ങളിപ്പോൾ കഴിയുന്നത് ഞങ്ങളിലാർക്കെങ്കിലും രോഗം ഉണ്ടോ, ഞങ്ങൾക്ക് രോഗം വരുമോയെന്നൊരു ഭീതിയിലാണ് അതിലുപരി നാട്ടിലുള്ള ഉറ്റവരെക്കുറിച്ചുള്ള ആധിയിലും ഞങ്ങൾ കഴിയുന്നത് പലരും ആഹാരം പോലും കിട്ടാതെയായിരിക്കും റൂമുകളിൽ കഴിയുന്നുണ്ടാവുക, കൂടെ കൂട്ടിനു അവനവൻ പ്രാർത്ഥിക്കുന്ന ദൈവം മാത്രമാണ് കൂട്ടിനുള്ളത് ഞങ്ങളുടെ നാട്ടിൽ ഈ രോഗം പടരരുതേ എന്നാണു ഞങ്ങളുടെ എല്ലാപേരുടെയും പ്രാർത്ഥന ഇപ്പോൾ ദിവസങ്ങൾ ഏതെന്നുപോലും തിരിച്ചറിയാൻ കഴിയാതെയാണ് ഞങ്ങൾ ഇവിടെ ജീവിക്കുന്നത് തള്ളിപ്പറഞ്ഞവർ അറിയണം ഞങ്ങൾ പ്രവാസികളെ കുറിച് പ്രവാസം എന്താണെന്ന്... ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു... ഈ സമയവും കടന്നു പോകും.... പ്രതീക്ഷകളുടെ കാർഡ് ബോർഡ് പെട്ടിയുമായി ഞങ്ങൾ മടങ്ങി വരും നാട്ടിലേയ്ക്ക്..നിങ്ങൾക്കരികിലേയ്ക്ക്...
ഇന്ഷാ അല്ലാഹ്......
അനസ് മുഹമ്മദ് പാങ്ങോടൻ