india-gdp

ന്യൂഡൽഹി: കൊവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഗോള സമ്പദ്‌ വളർച്ച 2020ൽ ഒരു ശതമാനം വരെ ഇടിഞ്ഞേക്കുമെന്ന് യു.എന്നിന്റെ സാമ്പത്തിക - സാമൂഹികകാര്യ വകുപ്പ് (ഡി.ഇ.എസ്.എ) വ്യക്തമാക്കി. ഈ വർഷം ആഗോള ജി.ഡി.പി വളർച്ച 2.5 ശതമാനം ആയിരിക്കുമെന്നായിരുന്നു വകുപ്പ് നേരത്തേ വിലയിരുത്തിയത്. പുതുക്കിയ വിലയിരുത്തൽ പ്രകാരം വളർച്ച 1.5 ശതമാനത്തിലേക്ക് ഇടിഞ്ഞേക്കാം.

2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് ജി.ഡി.പി വളർച്ച 1.7 ശതമാനം ഇടിഞ്ഞിരുന്നു. കൊവിഡ്-19നെ ചെറുക്കുന്നതിന്റെ ഭാഗമായി മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. 100ഓളം രാജ്യങ്ങൾ അതിർത്തികൾ അടച്ചു. ഇത് ആഗോള വ്യാപാരത്തെയും ചരക്കുനീക്കത്തെയും ബാധിച്ചു. ടൂറിസം, ധനകാര്യം, നിക്ഷേപം, കയറ്റുമതി, വ്യവസായ ഇടപാടുകളെല്ലാം മുടങ്ങിയിരിക്കുന്നു. സമ്പദ് ഞെരുക്കം നിയന്ത്രിക്കാൻ അതത് രാജ്യങ്ങളിലെ സർക്കാരുകൾക്ക് കഴിഞ്ഞില്ലെങ്കിൽ, ജി.ഡി.പി തക‌ർച്ച ഒരു ശതമാനത്തിനു മേലേക്ക് ഉയരും.

ഇന്ത്യയ്ക്കും ക്ഷീണം

കൊവിഡ്-19 നിയന്ത്രണത്തിൽ വികസിത രാജ്യങ്ങളേക്കാൾ മികച്ച പ്രവ‌ർത്തനം നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സമ്പദ് ആഘാതത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഇന്ത്യയ്ക്കും കഴിയില്ല.

 5%

കേന്ദ്ര സർക്കാർ 2019-20ൽ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 5 ശതമാനമാണ്. 2018-19ൽ ഇന്ത്യ 6.1 ശതമാനം വളർന്നിരുന്നു.

 2.5%

പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് കരുതുന്നത് 2020 കലണ്ടർ വർഷം ഇന്ത്യയുടെ വളർച്ച 2.5 ശതമാനത്തിലേക്ക് ഇടിയുമെന്നാണ്. മൂഡീസ് നേരത്തേ വിലയിരുത്തിയിരുന്ന വളർച്ച 5.3 ശതമാനമായിരുന്നു.

 4.6%

റേറ്റിംഗ് ഏജൻസിയായ ഫിച്ച്, ഇന്ത്യ 2020-21ൽ 4.6 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2019-20ൽ പ്രതീക്ഷിക്കുന്ന വളർച്ച 4.9 ശതമാനം.