1

ന്യൂയോർക്ക്: ലോകരാജ്യങ്ങളെ വിറപ്പിച്ച് ആഗോളതലത്തിൽ കൊവിഡ് -19 ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി അരലക്ഷം പേരോളം മരിച്ചു. രണ്ടു ലക്ഷത്തിലേറെപ്പേർ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നുവെന്നതാണ് ഏക ആശ്വാസം.

ലോകത്തെ 204 രാജ്യങ്ങളിൽ കൊവിഡ് എത്തി. ഇതുകൂടാതെ കടലിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അഞ്ച് കപ്പലുകളിലും കൊവിഡ് ബാധിതരുണ്ട്. അഞ്ച് ശതമാനമാണ് നിലവിലെ മരണനിരക്ക്.

 ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും മരണം 10,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,120 രോഗികളും 616 മരണങ്ങളും ഉണ്ടായി.

 അമേരിക്കയിലും മരണം 5000 കടന്നു. ബുധനാഴ്ച മാത്രം 884 പേർ മരിച്ചു. മൊത്തം രോഗബാധിതർ 2.13 ലക്ഷമായി.

 ഇറ്റലിയിലെ മരണസംഖ്യ 13,155 ആയി. 24 മണിക്കൂറിനിടെ 722 പേർ മരിച്ചു

 ബെൽജിയം, നെതർലാൻഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു.

 ബ്രിട്ടനിൽ 563 പേർ മരിച്ചതോടെ മരണസംഖ്യ 2352 ആയി. 29,474 പേർ ചികിത്സയിലാണ്.

രാജ്യത്ത് മരണസംഖ്യ ഉയരുന്നതിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അതിയായ ദുഃഖം രേഖപ്പെടുത്തി. 'ഇതൊരു അതീവ ദുഃഖകരമായ ദിനമാണെന്നതിൽ സംശയമില്ല. എന്നാൽ നടപടികൾക്ക് അനുസൃതമായി പ്രവർത്തിച്ചാൽ എണ്ണം കുറയും. ഞങ്ങൾ മുന്നോട്ട് പോകും.' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജോൺസൺ പറഞ്ഞു.

 സി.എൻ.എൻ വാർത്താ അവതാരകനും ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോയുടെ സഹോദരനുമായ ക്രിസ് കൂമോയ്ക്ക് (49) കൊവിഡ് - 19 സ്ഥിരീകരിച്ചു.

 അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടപടികൾ വൈകും

 ഇന്തോനേഷ്യയിൽ 24 മണിക്കൂറിനുള്ളിൽ 157 മരണം. ആകെ മരണം 170. ജനവാസമില്ലാത്ത ഗലാംഗ് ദ്വീപിൽ ആശുപത്രി നിർമ്മിക്കുന്നു.

 പാകിസ്ഥാനിൽ ഭാഗിക ലോക്ക്ഡൗൺ മതിയാവില്ലെന്ന് വിലയിരുത്തൽ. രോഗബാധിതരുടെ എണ്ണം 2991ആയി. 31 പേർ മരിച്ചു.

 ശ്രീലങ്കയിൽ നിശാനിയമം തുടരുന്നു. നിയമലംഘനം നടത്തിയ 7000 പേ‌ർ അറസ്റ്റിൽ.

 ക്യൂബയിൽ രാജ്യാന്തര വിമാനങ്ങൾക്ക് നിരോധനം. വിദേശ ബോട്ടുകൾ തീരത്ത് നിന്ന് പിന്മാറാൻ നിർദ്ദേശം.

 വൈറസ് പരിശോധനയ്ക്ക് നൂറിലേറെ രാജ്യങ്ങൾ ദക്ഷിണ കൊറിയയുടെ സഹായം തേടി.

 ചൈനയിൽ നിന്ന് വൈറസ് പരിശോധനാ കിറ്റ് കയറ്റുമതി വർദ്ധിക്കുന്നു.

 മെക്സിക്കോയിൽ 29 ആരോഗ്യപ്രവർത്തകർക്ക് രോഗം.

 ന്യൂസിലാൻഡിൽ പുതിയ കേസുകൾ കുറയുന്നു.

 ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും.

യു.എസിന് റഷ്യയുടെ കൈത്താങ്ങ്

കൊവിഡ് മൂലം ഉഴറുന്ന യു.എസിന് സഹായവുമായി റഷ്യ. അമേരിക്കൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യു.എസ് പ്രസിഡന്റ് ‌ഡൊണാൾഡ് ട്രംപും ചേർന്ന് ഫോൺ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തിനിടെ പുടിൻ മുന്നോട്ട് വച്ച സഹായ വാഗ്ദാനം ട്രംപ് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൻപ്രകാരം മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാസ്‌കുകൾ എന്നിവയുമായി 8000 കിലോമീറ്റർ താണ്ടി റഷ്യൻ സൈനിക വിമാനം ന്യൂയോർക്കിലെത്തി. റഷ്യയുടെ സഹായം മികച്ചതാണെന്ന് ട്രംപ് പ്രതികരിച്ചു.