ന്യൂഡൽഹി:ഇന്നലെ 9 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണം 50 ആയി. മൊത്തം രോഗികൾ1965 ആയി ഉയർന്നു.മഹാരാഷ്ട്രയിൽ നാല്, മദ്ധ്യപ്രദേശിൽ മൂന്ന്, ആന്ധ്രാപ്രദേശിലും പഞ്ചാബിലും ഒന്നുവീതവുമാണ് ഇന്നലത്തെ മരണം.ഡൽഹി തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവർ വഴി രോഗം കൂടുതലായി പടർന്നുകൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബയിലെ ധാരാവിയിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ കോവിഡ് സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളിയായ 52കാരനാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച ഒരാൾ മരിച്ചിരുന്നു. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ധാരാവിയിൽ കൊവിഡ് കേസുകൾ വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
ഇന്നലെ മരിച്ചവരിൽ പത്മശ്രീ ജേതാവും സിക്ക് ആത്മീയ ഗായകനുമായ നിർമ്മൽ സിങ് (62) ഖൽസയും ഉൾപ്പെടുന്നു.നിർമ്മൽ സിങ്ങിന്റെ രണ്ട് പെൺമക്കൾ, മകൻ, ഭാര്യ, ഡ്രൈവർ എന്നിവരെയും മറ്റു ആറു പേരേയും ഐസൊലേഷനിലാക്കി. 2009ലാണ് നിർമൽ സിങ്ങിന് പത്മശ്രീ ലഭിച്ചത്. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലെ 'ഗുർബാനി'യിലെ 31 രാഗങ്ങളിലും അഗാധ ജ്ഞാനം നേടിയിരുന്നു.
ഇതോടെ പഞ്ചാബിൽ കൊവിഡ് മരണം അഞ്ചായി. പഞ്ചാബിൽ 46 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രണ്ടുപേർ കൂടി ഇൻഡോറിൽ മരിച്ചു. ഇതോടെ ഇൻഡോറിൽ മരണം 5 ആയി.
എയിംസിലെ ഡോക്ടർക്ക് കൊവിഡ്
ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സീനിയർ റസിഡന്റ് ഡോക്ടർക്ക് കൊവിഡ് - 19 സ്ഥിരീകരിച്ചു.ഡൽഹിയിൽ ഒട്ടേറെ ഡോക്ടർമാർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഡഷഹിയില്‍ 152 രോഗികൾ. രണ്ട് പേർ മരിച്ചു. ആറ് പേർ സുഖം പ്രാപിച്ചു.
യുവതിക്കും നവജാതശിശുവിനും കൊവിഡ്
പ്രസവത്തിന് ശേഷം യുവതിയെയും കുഞ്ഞിനെയും കൊവിഡ് ബാധിതനൊപ്പം ഒരേ മുറിയിൽ അഡ്മിറ്റ് ചെയ്തതിനെ തുടർന്ന് അമ്മയ്ക്കും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു.