india

ധോണിപ്പടയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന് ഒമ്പത് വയസ് തികഞ്ഞു

1983 ജൂലായ് 25ന് ഇംഗ്ലണ്ടിലെ ലോർഡ്സ് മൈതാനത്ത് കപിലിന്റെ ചെകുത്താന്മാർ ചരിത്രം സൃഷ്‌ടിച്ച് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. പിന്നീട് ഇന്ത്യയെത്തേടി മറ്റൊരു ഏകദിന ലോകകപ്പ്

കിരീടമെത്തിയത് 28 വർഷങ്ങൾക്ക് ശേഷമായിരുന്നു. 2011 ഏപ്രിൽ രണ്ടിന് മുംബയ്‌യിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അയൽക്കാരായ ശ്രീലങ്കയെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ആ ഒാർമ്മകൾക്ക് ഇന്നലെ ഒമ്പത് വയസ് തികഞ്ഞു.

ശ്രീലങ്ക ഉയർത്തിയ വിജയ ലക്ഷ്യമായ 275 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയെ 49- ാം ഒാവറിൽ നായകൻ മഹേന്ദ്ര സിംഗ് ധോണി സ്വതസിദ്ധമായ ഹെലികോപ്ടർ സിക്സറിലൂടെ വിജയത്തിലെത്തിക്കുകയായിരുന്നു.

2007ൽ പ്രഥമ ട്വന്റി-20 ലോകകിരീടം ഇന്ത്യയെ ചൂടിച്ച ധോണിയുടെ രണ്ടാം പൊൻതൂവലായി മാറിയ ഇൗ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ച പലരുമുണ്ട്. അർബുദം കാർന്നുതിന്നുതുടങ്ങുമ്പോഴും പന്തുകൊണ്ടും ബാറ്റുകൊണ്ടും അസാമാന്യ ഫോമിലേക്കുയർന്ന് ടൂർണമെന്റിലെ തന്നെ മികച്ച താരമായി മാറിയ യുവ്‌രാജ് സിംഗ്, ലോകകപ്പിലൊന്ന് മുത്തമിടാൻ ആറാം തവണയും കളത്തിലിറങ്ങിയ സച്ചിൻ ടെൻഡുൽക്കർ, ആദ്യ മത്സരംതന്നെ സെഞ്ച്വറികൊണ്ട് തുടങ്ങിയ വിരേന്ദർ സെവാഗ്,ഫൈനലിൽ വീരോചിതമായി പൊരുതി 97 റൺസ് നേടി ഇന്ത്യൻ ചേസിംഗിന്റെ നട്ടെല്ലായി മാറിയ ഗൗതം ഗംഭീർ, മാരക ബൗളിംഗുമായി ലങ്കയെ വരിഞ്ഞുകെട്ടിയ സഹീർഖാൻ തുടങ്ങി ഫൈനലിൽ കളിക്കാൻ അവസരം കിട്ടിയ മലയാളി താരം ശ്രീശാന്ത് വരെ ആ മനോഹരനിമിഷത്തിന്റെ നേരവകാശികളായിരുന്നു.

വാങ്കഡെയിലെ ഫൈനൽ

ടോസ് നേടിയ ശ്രീലങ്ക തിരഞ്ഞെടുത്തത് ബാറ്റിംഗ്.മഹേലയുടെ സെഞ്ച്വറിയും (103), സംഗക്കാര(48), ദിൽഷൻ (33)കുലശേഖര (32) എന്നിവരുടെ പിന്തുണയും ലങ്കയെ നിശ്ചിത 50 ഒാവറിൽ 274/6 എന്ന സ്കോറിലെത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി സഹീർ ഖാനും യുവിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തിൽ സെവാഗിനെ(0)നഷ്ടമായി. ഏഴാം ഒാവറിൽ സച്ചിനും (18) മലിംഗയ്ക്ക് ഇരയായി കൂടാരം കയറിയതോടെ ഗംഭീർ ഉത്തരവാദിത്വം ഏറ്റെടുത്തു.കൊഹ്‌ലി (35) പുറത്തായ ശേഷം ധോണിയുടെ(91*) മനോഹരമായ ഇന്നിംഗ്സ്. സെഞ്ച്വറിക്ക് മൂന്ന് റൺസകലെ ഗംഭീർ വീണപ്പോൾ പകരമെത്തിയ യുവി കിരീരനേട്ടത്തിലേക്ക് ധോണിക്ക് കൂട്ടുനിന്നു.