
തിരുവന്തപുരം: സംസ്ഥാനത്ത് 21 പേർക്ക് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ കാസർകോട്ട് നിന്നും, അഞ്ച് പേർ ഇടുക്കിയിൽ നിന്നും 2 പേർ കൊല്ലത്തുനിന്നും ഉള്ളവരാണ്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഒരാൾക്ക് വീതവും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ കൊല്ലത്തെ 27 വയസുള്ള ഗർഭിണിയായ സ്ത്രീയുമുണ്ട്. രോഗബാധിതരിൽ രണ്ട് പേർ ഡൽഹി നിസാമുദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇന്ന് മാത്രമായി 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 രോഗബാധാ അവലോകന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. ശമ്പള നിയന്ത്രണം ആലോചനയിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അകെ 286 കോവിഡ് 19 രോഗബാധിതരാണ് നിലവിൽ ഉള്ളത്. ഇതിൽ 256 പേർ ചികിത്സയിലുണ്ട്. അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനായും റാപ്പിഡ് ടെസ്റ്റിന് വേണ്ടിയും കേന്ദ്ര സഹായം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു. വായ്പാ ഉയർത്തണമെന്ന കാര്യവും കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ജില്ലകൾ തീവ്ര ബാധിത പ്രദേശങ്ങൾ ആണ്. പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, എറണാകുളം, തൃശൂർ എന്നിവയാണ് ഈ ജില്ലകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ചവരിൽ 200 പേരാണ് വിദേശത്ത് നിന്നും എത്തിയവർ. ഒരു ലക്ഷം ഐസൊലേഷൻ കിടക്കകൾ തയാറാക്കുമെന്നും ഒരു കോവിഡ് 19 രോഗി മരണപ്പെട്ട പോത്തൻകോടിൽ ശക്തമായ നിയന്ത്രണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. താത്കാലിക കോവിഡ് 19 ആശുപത്രികൾക്കായി ഹോം സ്റ്റേകളും സർക്കാർ ഏറ്റെടുക്കും. തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതമായി രോഗം ഭേദമായിട്ടുണ്ട്. ഇതിനായാണ് ഒരു ലക്ഷം ഐസൊലേഷൻ കിടക്കകൾ തയാറാക്കുക. 1,65,934 പേർ നിരീക്ഷണത്തിലാണ്. 1,65,291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.