ജനീവ: കൊവിഡ് - 19 മരണനിരക്ക് ഒരാഴ്ചക്കുള്ളിൽ ലോകത്ത് ഇരട്ടിയായി വർദ്ധിച്ചതിൽ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം പറഞ്ഞു. ലോകജനത
ഒറ്റക്കെട്ടായി നിന്ന് വൈറസിനെതിരായി പോരാടേണ്ട സാഹചര്യമാണിത്. അടുത്ത ദിവസത്തിനുള്ളിൽ രോഗബാധ 10 ലക്ഷവും മരണസംഖ്യ 50,000 ഉം കടന്നേക്കും. വൈറസിന്റെ സ്വഭാവരീതികളെക്കുറിച്ച് ഇപ്പോഴും നിരവധി കാര്യങ്ങൾ നമുക്കറിയില്ല. കാരണം, ഈ പ്രത്യേക വൈറസ് മൂലം ആദ്യമായി ഉണ്ടാകുന്ന വ്യാധിയാണിത്. ഇതിന് ഫലപ്രദമായ ഒരു ചികിത്സാരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. രോഗബാധിതരും ആരോഗ്യപ്രവർത്തകരും മാത്രം മുഖാവരണങ്ങൾ ധരിച്ചാൽ മതി.
ആഫ്രിക്കയിലും മദ്ധ്യ - ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും താരത്യേന രോഗബാധ കുറവാണെങ്കിലും അവിടങ്ങളിൽ ഈ മഹാവ്യാധി ഗുരുതരമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ പരിശോധനകൾക്കും ചികിത്സയ്ക്കും ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും ടെഡ്രോസ് പറഞ്ഞു.