തിരുവനന്തപുരം: കേരളത്തിൽ നിന്ന് തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തിൽ പങ്കെടുത്തവരെ അടിയന്തരമായി കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്തുകയാണ് സംസ്ഥാനം ഇപ്പോൾ ചെയ്യേണ്ടതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അതല്ലാതെ ഇവരിൽ നിന്ന് സംസ്ഥാനം മുഴുവൻ കൊവിഡ് വ്യാപനത്തിലേക്ക് എത്തുന്നത് വരെ കാത്തിരിക്കരുത്.
വോട്ടു ബാങ്ക് ഉറപ്പിച്ചു നിർത്താൻ എന്തും പറയുന്നത് രാഷ്ട്രീയ ശരിയായിരിക്കുമെങ്കിലും അതിന് കൊവിഡ് രോഗബാധയെ കൂട്ടുപിടിച്ചത് തീർത്തും തരം താണുപോയെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ ജനങ്ങളെഴുതുന്നതും, മാദ്ധ്യമങ്ങൾ ചോദ്യം ചോദിക്കുന്നതും എല്ലാം തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലാകണമെന്ന കടുംപിടിത്തമെന്തിനാണ്? അസഹിഷ്ണുത മാറ്റി വച്ച് വിമർശനങ്ങളിലെ വസ്തുത മുഖ്യമന്ത്രി തിരിച്ചറിയണം. അതീവ ജാഗ്രതയോടെ രാജ്യം മുഴുവൻ കൊവിഡ് വ്യാപനം തടയാൻ എല്ലാ പരിശ്രമവും നടത്തുമ്പോൾ, കൊവിഡിൽ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.