തിരുവനന്തപുരം: 'പിണറായിയിൽ നിന്നും കർണാടകത്തെ രക്ഷിക്കുക' എന്ന ഹാഷ്‌ടാഗോടു കൂടി കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് അദ്ദേഹം സ്വീകരിക്കുന്നതെന്ന് പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സാപരമായ സഹായങ്ങൾ നിഷേധിക്കുന്നത് മനുഷ്വത്വപരമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നിൽ നിന്നും രക്ഷിക്കുക എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അത് അവിടെ മാത്രമല്ല ഇവിടെയും ചിലർ ഉയർത്തുന്നതായി കേൾക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ബി.ജെ.പി. കർണാടക അതിർത്തി തുറക്കില്ലെന്ന നിലപാടുമായി ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ രംഗത്തെത്തിയിരുന്നു. രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട്ട് ഒരുക്കണം. ഇത്രയും വർഷമായിട്ടും കാസർകോട്ട് സ്വന്തമായൊരു മെഡിക്കൽ കോളേജില്ലാത്തത് കേരള മോഡൽ എന്താണെന്ന് കാട്ടി തരികയാണെന്നും കട്ടീൽ ട്വിറ്ററിൽ കുറിച്ചിരുന്നു. 'പിണറായിയിൽ നിന്നും കർണാടകത്തെ രക്ഷിക്കുക(സേവ് കർണാടക ഫ്രം പിണറായി)' എന്ന ഹാഷ്ടാഗിന്റെ അകമ്പടിയോടെയാണ് കട്ടീൽ ഈ പരാമർശം നടത്തിയത്.