video

കോവിഡ് 19 രോഗബാധ മൂലമുള്ള 'വർക്ക് ഫ്രം ഹോം' പലരും വലിയ അനുഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഓഫീസിലെ ഔപചാരിക ചുറ്റുപാടുകളിൽ നിന്നും രക്ഷനേടി സ്വന്തം വീട് നൽകുന്ന സ്വാസ്ഥ്യത്തിൽ ജോലി ചെയ്യാൻ സാധിക്കും എന്നതാണ് 'വീട്ടുവേല'യുടെ ഗുണമായി പലരും കാണുന്നത്. എന്നാൽ ഇത് മൂലം ചില അമളികളും വന്നുപെടാം എന്ന് കാണിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ മാദ്ധ്യമപ്രവർത്തകയായി ജോലി നോക്കുന്ന ജെസ്സിക്ക ലാംഗ്.

Work from home they said, it’ll be fine they said. pic.twitter.com/e2eK6IH6r5

— Jessica Lang (@jessdlang) March 28, 2020

താൻ ജോലി ചെയ്യുന്ന സൺകോസ്റ്റ് ന്യൂസ് നെറ്റ്‌വർക്ക് എന്ന സ്ഥാപനത്തിനായി ഒരു വീഡിയോ തയ്യാറാക്കുകയായിരുന്നു ലാംഗ്. കോവിഡ് കാലമായിരുന്നതിനാൽ വീട്ടിൽ വച്ചുതന്നെയാണ് ലാംഗ് അമ്മയുടെ സഹായത്തോടെ ഈ വീഡിയോ ഷൂട്ട് ചെയ്തത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ലാംഗിന്റെ അച്ഛൻ തന്റെ കുടവയറും കാട്ടി അവിടേക്ക് വന്നത്.

മകൾ ജോലി ചെയ്യുകയായിരുന്നു എന്നറിയാതെ അവിടേക്ക് ടീഷർട്ടും ധരിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത ആ നിഷ്കളങ്കനായ അച്ഛന് ജെസ്സിക്കയിൽ നിന്നും കണക്കിന് കിട്ടുകയും ചെയ്തു. ഏതായാലും തന്റെ 'കുളമായ' വീഡിയോ ജെസ്സിക്ക ട്വിറ്ററിൽ ഇട്ടതോടെ സംഭവം വൈറലായി മാറുകയായിരുന്നു. 'വീട്ടിലിരുന്ന് ജോലിയെടുത്തോളൂ എന്നവർ പറഞ്ഞു. ഒരു കുഴപ്പവും ഉണ്ടാകില്ല എന്നാണ് അവർ പറഞ്ഞിരുന്നത്' എന്ന രസകരമായ അടിക്കുറിപ്പും ജെസ്സിക്ക വീഡിയോയ്ക്ക് നൽകിയിരുന്നു.