"ഇതിൽ തോറ്റാൽ പിന്നെ നിങ്ങളുടെ പിന്നാലെ വരില്ല "
മുംബയ്: തന്നെ ആദ്യമായി ഏകദിനത്തിൽ ഒാപ്പണറായി ഇറക്കിയതിന് പിന്നിലെ കഥകൾ തന്റെ മാെബൈൽ ആപ്ളിക്കേഷനുവേണ്ടി ഒാർത്തെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.
1994-ലെ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലാണ് സംഭവം. അന്ന് ഒാക്‌ലാൻഡിലെ ഏകദിനത്തിന് ഗ്രൗണ്ടിലെത്തിയപ്പോഴാണ് ഡ്രസിംഗ് റൂമിൽ ക്യാപ്ടൻ അസ്ഹറും കോച്ച് അജിത്ത് വഡേക്കറും ചിന്താമഗ്നരായി ഇരിക്കുന്നത് സച്ചിൻ കാണുന്നത്. സ്ഥിരം ഒാപ്പണറായ നവ്ജ്യോത് സിംഗ് സിദ്ധുവിന് കഴുത്തുവേദന കാരണം കളിക്കാൻ കഴിയാത്തതാണ് ക്യാപ്ടനെയും കോച്ചിനെയും അലട്ടിയത്.പകരം ആരെക്കൊണ്ട് ഒാപ്പൺ ചെയ്യിക്കുമെന്ന അസ്ഹറിന്റെ ചോദ്യത്തിന് തനിക്കൊരു ചാൻസ് തന്നുകൂടേ എന്ന് സച്ചിൻ ചോദിച്ചു.
അതുവരെ മദ്ധ്യനിരയിൽ കളിച്ചിരുന്ന സച്ചിനെ ഒാപ്പണറാക്കുന്നതിൽ ക്യാപ്ടനും കോച്ചും സംശയം പ്രകടിപ്പിച്ചപ്പോൾ ഇപ്പോൾ തന്നെ വിശ്വസിക്കണമെന്നും അഥവാ പരാജയപ്പെട്ടാൽ പിന്നീടൊരു ആവശ്യത്തിനും പിന്നാലെ വരില്ലെന്നുമാണ് സച്ചിൻ പറഞ്ഞത്. അതോടെ ഒാപ്പണറുടെ വേഷം കിട്ടിയ സച്ചിൻ നടത്തിയത് അവിസ്മരണീയ പ്രകടനമാണ്. 49 പന്തുകളിൽ അടിച്ചുകൂട്ടിയത് 82 റൺസ് .ആദ്യ 15 ഒാവറുകളിൽ പന്ത് പരുവപ്പെടുന്നതുവരെ തട്ടിമുട്ടിക്കളിക്കണമെന്ന രീതിക്ക് മനപ്പൂർവ്വം മാറ്റം വരുത്തണമെന്ന ലക്ഷ്യവുമായാണ് അന്ന് ബാറ്റുചെയ്യാനിറങ്ങിയതെന്നും അതിൽ വിജയിക്കാനായത് ക്രിക്കറ്റിൽ വലിയ മാറ്റം കൊണ്ടുവന്നെന്നും സച്ചിൻ പറയുന്നു.
ഏതാലായാലും അന്ന് സച്ചിൻ കാട്ടിയ ധൈര്യം ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച ഒരു ഏകദിന ഒാപ്പണിംഗ് ബാറ്റ്സ്മാനെയാണ് സമ്മാനിച്ചത്. 343 ഏകദിനങ്ങളിൽക്കൂടി ഒാപ്പണറായി ഇറങ്ങിയ സച്ചിൻ 15310 റൺസ് ആ റോളിൽ നേടിയാണ് വിരമിച്ചത്.