ന്യൂഡൽഹി:കൊവിഡ് 19 രോഗത്തിനെതിരെയുള്ള പ്രതിരോധത്തിലേക്കായി രൂപീകരിച്ച പ്രധാമന്ത്രിയുടെ 'പിഎം കെയേഴ്‌സ്' ഫണ്ടിലേക്ക് രണ്ട് വർഷക്കാലത്തെ ശമ്പളം സംഭാവനയായി നൽകി മുൻ ക്രിക്കറ്ററും ഇപ്പോൾ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. ഒരു ട്വീറ്റ് വഴി ഇക്കാര്യം അദ്ദേഹം ജനങ്ങളെ അറിയിക്കുകയും ചെയ്തു. രാജ്യം നിങ്ങൾക്കായി എന്ത് ചെയ്യുന്നു എന്നതിനേക്കാൾ രാജ്യത്തിനായി നിങ്ങൾ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറയുന്നു.
People ask what can their country do for them. The real question is what can you do for your country?
I am donating my 2 year's salary to #PMCaresFund. You should come forward too! @narendramodi @JPNadda @BJP4Delhi #IndiaFightsCorona— Gautam Gambhir (@GautamGambhir) April 2, 2020
പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നൽകാൻ തന്നെ പോലെ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരെയും ഗംഭീർ ടാഗ് ചെയ്തിട്ടുണ്ട്. 'ഇന്ത്യ കൊറോണയ്ക്കെതിരെ പോരാടുന്നു' എന്ന ഹാഷ്ടാഗും അദ്ദേഹം ഇതോടൊപ്പം നൽകി. നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയ നിരവധി പ്രമുഖർ പ്രധാനമന്ത്രിയുടെ ഈ ഫണ്ടിലേക്ക് സംഭാവനകൾ നടത്തിയിരുന്നു. ഏതായാലും ഗംഭീറിന്റെ ഈ പ്രവൃത്തിക്ക് വൻ പ്രശംസയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.