ന്യൂഡൽഹി: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കും ഉദ്യോഗസ്ഥർക്ക് തടസം സൃഷ്ടിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ളവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണമെന്നും ഡോക്ടർമാരോ, ആരോഗ്യപ്രവർത്തകരോ അക്രമിക്കപ്പെടുകയാണെങ്കിൽ നിലവിലുള്ള നിയമപ്രകാരം ശിക്ഷ നൽകണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ തടസ്സപ്പെടുത്തുന്നവർക്ക് ഒരു വർഷം വരെ ജയിൽ ശിക്ഷ നല്‍കാം.
അത്തരം പ്രവർത്തി ആരുടെയെങ്കിലും മരണത്തിൽ കലാശിച്ചാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ നല്‍കാവുന്നതാണ്. പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവർഷക്കാലത്തേക്ക് ജയിലിലടയ്ക്കാം. തെറ്റായ മുന്നറിയിപ്പുകൾ അല്ലെങ്കിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങൾ എന്നിവയ്ക്ക് ഒരു വർഷത്തേക്ക് ജയിൽശിക്ഷ നൽകാം. നിയമലംഘനം ഉണ്ടായാൽ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് സംസ്ഥാന സർക്കാരുകൾക്ക് കത്തുകൾ നൽകിയത്.