corona-

ന്യൂഡല്‍ഹി: രാജ്യത്ത് കൊവി‌ഡ് -19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ഇതുവരെ ഇന്ത്യയില്‍ 2069 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്. 155 പേര്‍ രോഗമുക്തി നേടി. 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് 19 പടരുന്ന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ജനക്കൂട്ടം ഉണ്ടാവുന്നത് നിയന്ത്രിക്കാന്‍ പൊതുവായ സംവിധാനം രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചു. ലോക്ക്ഡൗണിന് പിന്തുണ നല്‍കിയതിന് എല്ലാ സംസ്ഥാനങ്ങളോടും നന്ദി അറിയിച്ച പ്രധാനമന്ത്രി, രോഗ പ്രതിരോധത്തിന് പിന്തുണയും അഭ്യര്‍ഥിച്ചു.

വൈറസ് വ്യാപിക്കുന്നത് തടയാന്‍ അടുത്ത ഏതാനും ആഴ്ചകളിലും രോഗനിര്‍ണയം, ഐസൊലേഷന്‍, ക്വാറന്റൈന്‍, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.