tableeghi-jamaat

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് 19 രോഗത്തിന്റെ ഹോട്ട്സ്പോട്ടായി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം.. തബ്‍ലിഗ് സമ്മേളനം വഴിയുള്ള കൊവിഡ് വ്യാപനം രാജ്യത്ത് 20 പേരുടെ ജീവനെടുത്തു. രോഗബാധയ്ക്കു സാധ്യതയുള്ള ഒന്‍പതിനായിരം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലെ മര്‍ക്കസില്‍ നിന്ന് പുറത്തെത്തിച്ച 334 പേര്‍ ആശുപത്രിയിലാണ്. 1800 പേര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലുണ്ട്. ആളുകളെ ഒഴിപ്പിക്കാന്‍ ഈ മാസം 21ന് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കിയിരുന്നതായും ഇത് പാലിക്കപ്പെട്ടില്ലെന്നും മര്‍ക്കസ് അധികൃതര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്െഎആറില്‍ പറയുന്നു.

നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ കണ്ടെത്തിയവരും അവരോട് ഇടപഴകിയവരും ഉൾപ്പടെ 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കും.

400ലധികം കൊവിഡ് കേസുകൾ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ഡൽഹിയിലെ 219ൽ 108ഉം മർക്കസിൽ എത്തിയവരിലാണ്. രണ്ടു പേർ ഡൽഹിയിൽ മരിച്ചു. ത‌ബ്‌ലീഗ് ജമാഅത്ത് മൗലാന മുഹമ്മദ് സാദ് ഉൾപ്പടെ അറുപേർക്കെതിരെയാണ് കേസെടുത്തത്.

പത്തനംതിട്ടയില്‍ നിന്നും കണ്ണൂരില്‍ നിന്നും പത്തുപേര്‍ വീതം തബ്‍ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മാര്‍ച്ച് 8,9,10 തിയതികളിലാണ് പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനിലെ മര്‍ക്കസിലുണ്ടായിരുന്നത്. മാര്‍ച്ചിന് മുന്‍പ് ജില്ലയില്‍ നിന്ന് മറ്റ് പത്തുപേര്‍ നിസാമുദീനില്‍ പോയി മടങ്ങിയെത്തി. കണ്ണൂരില്‍ നിന്ന് പങ്കെടുത്തവര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ദേശിച്ചു. ഇതില്‍ അഞ്ചുപേര്‍ വിമാനത്തിലും അഞ്ചുപേര്‍ ട്രെയിനിലുമാണ് മടങ്ങിയെത്തിയത്. 300ലധികം പേര്‍ കേരളത്തില്‍ നിന്ന് മതസമ്മേളനത്തില്‍ പങ്കെ‍ടുത്തതായാണ് റിപ്പോര്‍ട്ട്.

തബ്‍ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 23 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗബാധ ഭീഷണി നിലനില്‍ക്കുന്നുണ്ട്. രോഗബാധ സാധ്യത ഏറെ കൂടുതലുള്ളതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയവരില്‍ 7,688 പേര്‍ ഇന്ത്യക്കാരും 1,306 പേര്‍ വിദേശികളുമാണ്. മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തെലങ്കാനയിലാണ്. ഡല്‍ഹി ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 275 വിദേശികളെ കണ്ടെത്തി.