ന്യൂഡൽഹി: കർണാടക - കേരള അതിർത്തി തുറന്നുനൽകാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇതുവഴി വാഹന ഗതാഗതം അനുവദിച്ചാൽ കോവിഡ് 19 രോഗം പടരുമെന്നാണ് കർണാടക ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കാസർകോട്ടുനിന്ന് കർണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ബി.ജെ.പി. കർണാടക അതിർത്തി തുറക്കില്ലെന്ന നിലപാടുമായി ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷനുമായ നളിൻ കുമാർ കട്ടീൽ രംഗത്തെത്തിയിരുന്നു. രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി വിജയൻ കാസർകോട്ട് ഒരുക്കണം. ഇത്രയും വർഷമായിട്ടും കാസർകോട്ട് സ്വന്തമായൊരു മെഡിക്കൽ കോളേജില്ലാത്തത് കേരള മോഡൽ എന്താണെന്ന് കാട്ടി തരികയാണെന്നും കട്ടീൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
ഇത്തരം കാര്യങ്ങൾ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് അദ്ദേഹം സ്വീകരിക്കുന്നതെന്ന് പിടികിട്ടിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ചികിത്സാപരമായ സഹായങ്ങൾ നിഷേധിക്കുന്നത് മനുഷ്വത്വപരമല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നിൽ നിന്നും രക്ഷിക്കുക എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അത് അവിടെ മാത്രമല്ല ഇവിടെയും ചിലർ ഉയർത്തുന്നതായി കേൾക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.