ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഒമ്പത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാവിലെ വീഡിയോ സന്ദേശം നൽകുമെന്ന് അദ്ദേഹം അറിയിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു ട്വീറ്റ്.
എന്ത് കാര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദേശമെന്ന് ട്വീറ്റിൽ സൂചിപ്പിച്ചിട്ടില്ലെങ്കിലും, കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ അത് തന്നെയായിരിക്കും വിഷയമെന്നാണ് സൂചന. രോഗവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യത്തെ അഭിസംബോധനയിൽ ജനതാ കാർഫ്യൂവും, രണ്ടാമത്തേതിൽ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടില്ലെന്നാണ് സൂചന. ഏപ്രിൽ 14 വരെ മാത്രമേ ലോക്ക് ഡൗൺ ഉണ്ടാകൂ. എന്നാൽ സഞ്ചാരനിയന്ത്രണം തുടരും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക് ഡൗൺ അവസാനിച്ച ശേഷം ജനങ്ങളെ ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പദ്ധതി തയ്യാറാക്കണമെന്ന് മോദി നിർദേശം നൽകി. കൊവിഡ് പ്രതിരോധത്തിനായി സാമ്പത്തിക, മെഡിക്കൽ സഹായം നൽകണമെന്ന് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി മറുപടി നൽകിയിരുന്നില്ല.