ഡോർ ബെൽ കേട്ട് വാതിൽ തുറന്ന ഞാൻ, സ്റ്റാർ വാർസ് സിനിമകളിൽ നിന്ന് ഇറങ്ങിവന്ന അന്യഗ്രഹ ജീവിയെക്കണ്ട് ഞെട്ടി. വിചിത്രരൂപം നീട്ടിയ ഐ.ഡി കാർഡിൽ ഗ്യാസ് ഏജൻസിയുടെ മുദ്ര. വീട്ടിൽ ഗ്യാസ് പൈപ്പ് ലീക്ക് ചെയ്യുന്നെന്ന് രാവിലെ ഏജൻസിയിൽ വിളിച്ച് കംപ്ളെയിന്റ് രജിസ്റ്റർ ചെയ്തിരുന്നത് ഓർമ്മവന്നു. അവിടത്തെ ജോലിക്കാരനാണ് 'ഏലിയനെ' പോലെ മുന്നിൽ നില്ക്കുന്നത്. ഏജൻസി ജീവനക്കാരുടെ വേഷം ഇപ്പോൾ ഇങ്ങനെയാണ്. കൊവിഡ് 19 നു ശേഷം യു.എസിൽ ഇതുപോലെ പലതും മാറി. അങ്ങനെ മാറിയതു പലതും ഇനി പഴയതു പോലെ തിരികെവന്നില്ലെങ്കിലോ എന്നാണ് എന്റെ സങ്കടം.
വിർജീനിയ സ്റ്റേറ്റ് ലോക്ക് ഡൗണിലായിട്ട് രണ്ടു ദിവസമായി. ഞങ്ങൾ താമസിക്കുന്ന സ്റ്റെർലിങ് സിറ്റി വിർജീനിയയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ്. വീടിനു മുന്നിലെ ഷുഗർലാൻഡ് റൺ റോഡ് ഏറക്കുറെ ശൂന്യമായിരിക്കുന്നു. ഞാനും ഭർത്താവ് ഗണേഷും മക്കളായ രാജ് വി. നായരും കൃഷ്ണയും വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ പോയിരുന്ന അമ്മ റസ്റ്റോറന്റ് അടച്ചുപൂട്ടിയിട്ടില്ലെങ്കിലും കയറിയിരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. വടക്കൻ പറവൂരുകാരുടെ കടയാണ്. പതിനെട്ടു വർഷം മുമ്പ് ഞങ്ങൾ യു.എസിൽ എത്തുമ്പോഴും അവർക്ക് ഇവിടെ ഹോട്ടലുണ്ടായിരുന്നു.
വസന്തം വന്നത്
ആരും കണ്ടില്ല
ജനാലയിലൂടെ റോഡ് കാണാം. റൗട്ട് 7 മെയിൻ റോഡിലേക്കുള്ള വീതിയേറിയ പാത. അരികുകളിൽ നിറയെ പൂക്കളാണ്. വസന്തത്തിന്റെ ആദ്യ പുഷ്പങ്ങൾ വിടർന്നു തുടങ്ങിയിരിക്കുന്നു. എന്നിട്ടും അധികം പേർ നടക്കാനിറങ്ങുന്നില്ല. വിർജീനിയയിൽ മാത്രം കൊവിഡ് 19 പോസിറ്റീവ് കേസുകൾ 1500 കവിഞ്ഞിട്ടുണ്ട്. ഇരുപതു പേർ ഇവിടെ മാത്രം മരിച്ചു. മകൻ രാജ് മെഡിസിൻ പി.ജി ചെയ്യുന്ന ജോർജ് വാഷിംഗ്ടൺ മെഡിക്കൽ സ്കൂൾ ഇനി ജൂണിലേ തുറക്കൂ. മോൾ കൃഷ്ണ പത്താം ക്ളാസിലാണ്. അവൾക്കും കൊവിഡ് വെക്കേഷൻ.ചേട്ടനും അനിയത്തിയും രാവിലെ അടുക്കളയിൽ കയറി ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കുന്നു. ഇടയ്ക്ക് വഴക്കിടുന്ന ശബ്ദം കേൾക്കും. ദൈവമേ... ജൂണിന് ഇനിയും ഒരുപാടു നാൾ ബാക്കിയുണ്ടല്ലോ.
രാവിലെ ഗ്യാസ് പൈപ്പ് റിപ്പയർ ചെയ്യാൻ വന്ന അന്യഗ്രഹജീവി ബാക്കിവച്ച അമ്പരപ്പിന്, അധികനേരം കഴിയുംമുമ്പ് ഒരു തുടർച്ച. ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം വാതിൽക്കൽ എത്തിയെന്ന് ഫോൺ കാൾ വന്നതാണ്. വാതിൽ തുറന്നപ്പോൾ ആരുമില്ല. ചെറിയ പടികൾക്കു താഴെ കാറിന്റെ മിനിയേച്ചർ പോലെ ഒരു വിചിത്രവാഹനം. ചക്രങ്ങളുള്ള ഒരു ചതുരപ്പെട്ടി. കമ്പനിയുടെ ഡെലിവറി വാൻ റോഡിൽ നിൽപ്പുണ്ട്. അവർ വീണ്ടും ഫോണിൽ വിളിച്ചു: ഭക്ഷണം അതിലുണ്ട്, എടുത്തോളൂ! റിമോട്ടിൽ പ്രവർത്തിക്കുന്ന ആ ചെറുവാഹനം തിരികെ ഓടിപ്പോയി. എല്ലാം പുതിയ കാഴ്ചകളാണ്.
അടച്ചിട്ട മാളുകൾ,
തിയേറ്ററുകൾ
ഡള്ളസ് ടൗൺ സെന്റർ മാൾ തുറന്നിട്ടുണ്ടെങ്കിലും തിരക്ക് തീരെയില്ല. ഇടയ്ക്ക് പോകാറുള്ള പാരസൈഡ് റസ്റ്റോറന്റിലും ആളൊഴിഞ്ഞിരിക്കുന്നു. മലയാളം, തമിഴ് സിനിമകളൊക്കെ വരുന്ന റീഗൽ സിനിമാസ് അടുത്താണ്. കഴിഞ്ഞ ദിവസം അതും അടച്ചു. പതുക്കെപ്പതുക്കെ ഓരോരോ വാതിലായി അടയുകയാണോ? വളർത്തുനായ്ക്കളായ ടെഡിക്കും ധർമ്മയ്ക്കും പുറത്തിറങ്ങാൻ വയ്യ. അവരെയും കൂട്ടി ഞാൻ നടക്കാനിറങ്ങുമായിരുന്ന അരികുപാതകൾ വിജനം.
ഞാൻ ആദ്യം അഭിനയിച്ച സിനിമയാണ് ജയരാജ് സംവിധാനം ചെയ്ത ദേശാടനം. ആദ്യസിനിമയുടെ പേര് പോലെയായിരുന്നു തിരുവനന്തപുരത്തു നിന്ന് യു.എസിലേക്കുള്ള ഞങ്ങളുടെ പറിച്ചുനടൽ- ഒരു ദേശാടനം. മോൾ കൃഷ്ണ ജനിച്ചത് ഇവിടെ വന്നതിനു ശേഷമാണ്. ലോക്ക് ഡൗൺ ആയതോടെ അവൾ മുഴുവൻ സമയവും വായനയിലേക്കു മാറി. ഇംഗ്ളീഷ് ഫിക്ഷനുകളാണ് ഇഷ്ടം. നേരത്തെ ഡാൻസ് പഠിക്കാൻ പോകുമായിരുന്നു. വിർജീനിയ സ്കൂൾ ഒഫ് ബംഗ്റയിലേക്ക് മോളെയും കൊണ്ട് ദിവസവും കാറോടിച്ചു പോകുന്നത് രസമായിരുന്നു. ക്ളാസ് കഴിയുന്നതു വരെ ഞാൻ പുറത്ത്, കാറിൽ സ്വപ്നം കണ്ടിരിക്കും. ഡാൻസ് സ്കൂളും അടച്ചു.
ഓർക്കാതെ കിട്ടിയ ഒഴിവുകാലം
ഭർത്താവ് ഗണേഷ് ബിസിനസ് കാര്യങ്ങൾ അധികവും വീട്ടിലേക്കു മാറ്റി. ഇപ്പോൾ കംപ്യൂട്ടറിനു മുന്നിലിരിപ്പുണ്ട്. ഒഴിവാക്കാൻ പറ്റാത്ത ഓഫീസ് കാര്യങ്ങൾക്ക് രാവിലെ ഒരു മണിക്കൂർ പുറത്തു പോകും. ഭർത്താവും കുട്ടികളും ഒരുമിച്ചു തന്നെയുള്ളതാണ് വലിയ സന്തോഷം. യു.എസിലെ ജീവിതത്തിനിടയിൽ എല്ലാവരും ഇത്രയും ദിവസം വീടിനകത്ത് ഒരുമിച്ചുണ്ടാവുക എന്നത് മുമ്പ് സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ല. കുട്ടികൾ ഉള്ളതുകൊണ്ട് ടെഡിക്കും ധർമ്മയ്ക്കും നല്ല ഉത്സാഹം. എല്ലാ മുറിയിലും ഓടിനടക്കുന്നു.
അച്ചടക്കം മറന്ന ആഘോഷം
ഒരുപാട് മലയാളികളുള്ള സ്റ്റേറ്റ് ആണ് വിർജീനിയ. പഞ്ചാബികളുമുണ്ട്. അങ്ങനെയാണ് ബംഗ്റ ഡാൻസ് സ്കൂൾ ഇവിടെ വന്നത്. വസന്തകാലം വിർജീനിയയിൽ അഘോഷകാലമാണ്. പലയിടത്തായി പഠിക്കാൻ പോയിരുന്ന ചെറുപ്പക്കാർ വീടുകളിൽ തിരിച്ചെത്തിയിരിക്കുന്നു. മറ്റ് സ്റ്രേറ്റുകളിലേക്ക് ആഘോഷങ്ങൾക്കു പോകാൻ പറ്റാത്തതുകൊണ്ട് വിർജീനയ ബീച്ച് നിറയെ ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളുമാണ്. നിയന്ത്രണങ്ങൾ അവർ അത്രയൊന്നും അനുസരിക്കുന്നതായി തോന്നുന്നില്ല. യു.എസിൽ കൊവിഡ് 19 വൈറസ് അതിവേഗം പടർന്നതിന് ഒരു കാരണം ബീച്ചുകളിൽ നിയന്ത്രണമില്ലാതിരുന്നതാണെന്ന് പറയുന്നുണ്ട്.
ഞങ്ങൾക്ക് ഇപ്പോൾ തിരുവനന്തപുരം പോലെ തന്നെയാണ് സ്റ്രെർലിങ് സിറ്റി. നിറയെ മലയാളികളുള്ള, തൊട്ടടുത്ത്, അമ്മ റസ്റ്റോറന്റും അതിഥി ഗ്രോസറി ഷോപ്പുമുള്ള, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ വരുന്ന റീഗൽ സിനിമാസ് ഉള്ള, നിറയെ പൂക്കൾ വിടരുന്ന വഴിയോരങ്ങളുള്ള പ്രിയ നഗരം. ജനലിലൂടെ നോക്കുമ്പോൾ ഷുഗർലാൻഡ് റൺ റോഡ് ശൂന്യമാണ്. ഉപേക്ഷിക്കപ്പെട്ട വസന്തത്തിന്റെ തടവുകാലം. എന്നാലും, പഴയ കാഴ്ചകൾ മടങ്ങിവരുമായിരിക്കും.