തിരുവനന്തപുരം:എവിടെ പ്രതിസന്ധിയുണ്ടോ, പരിഹാരവുമായി അവിടെയെല്ലാം ഒരു കേരളാകേഡർ ഐ.പി.എസുകാരൻ പറന്നെത്തും. ഇന്ത്യയുടെ ജെയിംസ്ബോണ്ട് അജിത് ഡോവൽ. സമ്പൂർണ ലോക്കൗട്ടിനിടെയാണ് ആഗോള ഇസ്ലാമിക പ്രസ്ഥാനമായ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനത്ത് കൊവിഡ് -19 പടർന്നുപിടിച്ചത്. നിസാമുദ്ദീനിലെ മസ്ജിദിൽ കയറാനും അകത്തുള്ളവരെ ഒഴിപ്പിക്കാനും ഡൽഹി പൊലീസ് മടിച്ചുനിന്നപ്പോൾ ചൊവ്വാഴ്‌ച പുലർച്ചെ രണ്ടിന് ഡോവൽ പാഞ്ഞെത്തി. മർക്കസ് മേധാവി മൗലാന സാദിനെ അനുനയിപ്പിച്ച് എല്ലാവരെയും ഒഴിപ്പിച്ചു.
ഏത് പ്രതിസന്ധിയിലും രാജ്യത്തിന് രക്ഷകനാണ് ഡോവൽ. മിസോ നാഷണൽഫ്രണ്ടിൽ നുഴഞ്ഞുകയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറം ഇന്ത്യയോടു ചേർത്തതിൽ ഡോവലിന്റെ കൈയുണ്ട്. എയർഇന്ത്യ വിമാനം റാഞ്ചിയ താലിബാൻ ഭീകരരുമായി വിലപേശാൻ കാണ്ടഹാറിലേക്കയച്ചതും ഡോവലിനെയാണ്. 41ഭീകരരെ വിട്ടുകിട്ടണമെന്നായിരുന്നു ഭീകരരുടെ വിലപേശൽ. അത് മൂന്ന് ഭീകരരെ എന്നാക്കി കുറച്ചത് ഡോവലിന്റെ മിടുക്ക്. സുവർണക്ഷേത്രത്തിലെ 'ഓപ്പറേഷൻ ബ്ലാക്ക്തണ്ടർ' അദ്ദേഹത്തെ സൈനികബഹുമതിയായ 'കീർത്തിചക്ര' നേടിയ ആദ്യ പൊലീസുദ്യോഗസ്ഥനാക്കി. ഐസിസ് ഭീകരർ തടവിലാക്കിയ 46മലയാളി നഴ്സുമാരെ 2014ൽ ഇറാഖിൽ നിന്ന് മോചിപ്പിച്ചത് ഡോവലിന്റെ മിടുക്കിലായിരുന്നു. കേന്ദ്രസർക്കാർ ഇറാഖ് ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഐസിസുമായി അടുപ്പമുള്ള സുന്നി നേതാക്കളുമായായിരുന്നു ഡോവലിന്റെ 'ഓപ്പറേഷൻ'. ഇറാക്ക് സർക്കാർ സൈനികനടപടി വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കേണ്ടെന്നായിരുന്നു ഡോവലിന്റെ ശുപാർശ. ആശങ്കയുടെ മൂന്ന് ദിവസങ്ങൾക്കുശേഷം നഴ്സുമാരെ കേരളത്തിലേക്ക് വിമാനം കയറ്റി ഡോവൽ കൈയടിനേടി.
ആഭ്യന്തര കലാപത്തിൽ ലിബിയയിൽ കുടുങ്ങിയ 18നഴ്സുമാരെ അവിടത്തെ സൈന്യത്തിന്റെ സഹായത്തോടെ കൊച്ചിയിലെത്തിച്ചതിലും ആഭ്യന്തരയുദ്ധത്തെതുടർന്ന് യെമനിൽ കുടുങ്ങിയ നഴ്സുമാരെ രക്ഷിച്ചതിലും ഡോവലിന്റെ മിടുക്കുകണ്ടു.
1971ൽ തലശേരി കലാപം അടിച്ചമർത്താൻ കെ.കരുണാകരൻ നിയോഗിച്ചത് കോട്ടയം എ.എസ്.പിയായിരുന്ന ഡോവലിനെയായിരുന്നു. ഡോവൽ തലശേരിയിൽ ചുമതലയേറ്റ് ഒരാഴ്ചയ്ക്കകം എല്ലാം നിയന്ത്രണ വിധേയമായി. കലാപം വ്യാപിക്കുന്നതും രക്തച്ചൊരിച്ചിലും തടയാൻ ഡോലവിനായി.1968ബാച്ച് കേരളാകേഡർ ഐ.പി.എസുദ്യോഗസ്ഥനായ ഡോവൽ കാബിനറ്റ് പദവിയോടെ രണ്ടാംവട്ടവും ദേശീയസുരക്ഷാ ഉപദേഷ്‌ടാവായി പ്രവർത്തിക്കുകയാണ്.
സൂപ്പർമാൻ ഡോവൽ
))33വർഷം രഹസ്യാന്വേഷണവിഭാഗത്തിൽ. പത്തുവർഷംഐ.ബി ഓപ്പറേഷൻവിഭാഗം മേധാവി.
))അയോദ്ധ്യാവിധിയുടെ പശ്ചാത്തലത്തിൽ ഹിന്ദു,മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രതിഷേധങ്ങളൊഴിവാക്കി
))വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വനിയമഭേദഗതിയെ ചൊല്ലി കലാപമുണ്ടായപ്പോൾ ഡോവൽ സമുദായനേതാക്കളുമായി ചർച്ചനടത്തി സ്ഥിതി നിയന്ത്രിച്ചു.
))പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണത്തിലും ഡോവലിന്റെ തലയായിരുന്നു.
തിരുവനന്തപുരത്തെ കല്യാണംകൂടൽ
ടി.പി.സെൻകുമാർ ഡിജിപിയായിരിക്കെ ഡോവൽ രഹസ്യമായി തിരുവനന്തപുരത്തെത്തി. കല്യാണം കൂടാനെന്നാണ് പൊലീസുദ്യോഗസ്ഥർ പോലുമറിഞ്ഞത്. കന്യാകുമാരിയിലെത്തി ഐ.ബി, റാ ഉദ്യോഗസ്ഥരുടെ യോഗത്തിനായിരുന്നു വരവ്. തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം വഴി ശ്രീലങ്കയിൽ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം അടയ്ക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ചാവേർ സ്ഫോടനങ്ങളിൽ ശ്രീലങ്കയിൽ ചോരപ്പുഴയൊഴുകിയപ്പോൾ ഡോവലിന്റെ ദീർഘവീക്ഷണത്തിന്റെ ഗുണം രാജ്യംകണ്ടു.