corona-case

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ ആശുപത്രിയിൽ നഴ്സുമാരെ ആക്രമിച്ചതായും അശ്ലീലമായി പെരുമാറിയതായും ആരോപണം. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ആശുപത്രി അധികൃതരാണ് പൊലീസിന് നൽകിയത്. പരാതിയെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റാരോപിതർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഗാസിയാബാദിലെ എം.എം.ജി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന തബ്‌ലീഗ് അംഗങ്ങൾ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ശ്രമിച്ചെന്നാണ് ആരോപണം. 'അവർ നിയമം പാലിക്കുകയില്ല, ഉത്തരവ് സ്വീകരിക്കുകയുമില്ല. അവർ മനുഷ്യരാശിയുടെ ശത്രുക്കളാണ്, നഴ്സുമാരോട് ചെയ്തത് ഗുരുതരമായ കുറ്റമാണ്. ഞങ്ങൾ അവർക്കെതിരെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നു'- യോഗി ആദിത്യനാഥ് പറഞ്ഞു.

'തബ്‌ലീഗ് അംഗങ്ങൾ വളരെ മോശം പരാമർശങ്ങൾ നടത്തി, വാർഡിൽ വസ്ത്രമില്ലാതെ കറങ്ങുകയും ബീഡിയും സിഗരറ്റും ആവശ്യപ്പെടുകയും ചെയ്തു'- ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിൽ ഉത്തർപ്രദേശിൽ നിന്ന് നിരവധി ആളുകൾ പങ്കെടുത്തിരുന്നു. ഇവരിൽ ആറ് പേർ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാർച്ച് 31ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം, തബ്‌ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 23 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗബാധ ഭീഷണി നിലനിൽക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത 295 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ 11.45വരെ സ്ഥിരീകരിച്ച 485 കേസുകളിൽ അറുപത് ശതമാനവും സമ്മേളനവുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്.

സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്ഥിരീകരിച്ച 141 കേസുകളിൽ, 129 കേസും ഡൽഹിയിലാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ 143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശിൽ 16 ശതമാനം പേർക്കാണ് രോഗബാധയുണ്ടയത്. മിക്ക സംസ്ഥാനങ്ങളിലും സമാന അവസ്ഥ തന്നെയാണ്. നിലവിൽ രാജ്യത്ത് 2,300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 56 പേർ മരിച്ചു.