sbi

കൊച്ചി: കൊവിഡ്-19 ഭീതിയും ലോക്ക് ഡൗണും സമ്പദ് പ്രതിസന്ധി സൃഷ്‌ടിച്ച പശ്‌ചാത്തലത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച മോറട്ടോറിയം നടപ്പാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. വായ്‌പാ ഇടപാടുകാർക്ക് തിരഞ്ഞെടുക്കാൻ മൂന്നു ഓപ്ഷനുകളാണ് എസ്.ബി.ഐ നൽകുന്നത്.

മോറട്ടോറിയം സംബന്ധിച്ച എസ്.ബി.ഐയുടെ നിർദേശങ്ങളും അപേക്ഷാ ഫോമും ബാങ്കിന്റെ https://www.sbi.co.in/stopemi എന്ന ലിങ്കിലുണ്ട്. മോറട്ടോറിയം വേണ്ടവർ ഈ ലിങ്ക് സന്ദർശിച്ച്, നിർദിഷ്ട ഫോമിൽ അപേക്ഷിക്കണം. അപേക്ഷിക്കാത്തവർക്ക് മോറട്ടോറിയം കിട്ടില്ല. അവരുടെ മെയിൻ അക്കൗണ്ടിൽ ആവശ്യത്തിന് തുകയുണ്ടെങ്കിൽ അതിൽ നിന്ന് സാധാരണപോലെ, ബാങ്ക് വായ്‌പാത്തവണ (ഇ.എം.ഐ) പിടിക്കും. മെയിൻ അക്കൗണ്ടിൽ ആവശ്യത്തിന് തുക ഇല്ലെങ്കിൽ, 'കുടിശിക" അഥവാ 'ഡിഫോൾട്ട്" ആയി രേഖപ്പെടുത്തും.

ശ്രദ്ധിക്കാൻ

3 വഴികൾ

1. https://www.sbi.co.in/stopemi എന്ന ലിങ്കിൽ മൂന്നു ഓപ്‌ഷനുകളാണുള്ളത്. ഒന്നാമത്തെ ഓപ്ഷൻ: മോറട്ടോറിയം വേണ്ടാത്തവർക്കുള്ളതാണ്. അവർ, ഫലത്തിൽ ഒന്നും ചെയ്യേണ്ട. മെയിൻ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിൽ നിന്ന് ബാങ്ക് വായ്‌പാത്തവണ (ഇ.എം.ഐ) പിടിക്കും. അല്ലെങ്കിൽ വായ്‌പാത്തുക നേരിട്ട് അടയ്ക്കാം.

2. രണ്ടാമത്തെ ഓപ്ഷൻ : മോറട്ടോറിയം വേണ്ടവർ, ഈ ഓപ്‌ഷനിൽ സൂചിപ്പിച്ചിട്ടുള്ള അനെക്‌സ്യൂർ-1, അനെക്‌സ്യൂർ-2 എന്നിവ ശ്രദ്ധയോടെ വായിക്കണം.

 അനെക്‌സ്യൂർ-1 മോറട്ടോറിയത്തിനുള്ള അപേക്ഷാ ഫോം ആണ്. ഇത് പൂരിപ്പിക്കുക. എസ്.ബി.ഐയുടെ സർക്കിൾ (ബാങ്കിന്റെ കേരള സർക്കിൾ : തിരുവനന്തപുരം), ടേം ലോൺ അക്കൗണ്ട് നമ്പർ, ശാഖ, വായ്‌പാ ഇടപാടുകാരന്റെ ഒപ്പ് എന്നിവയാണ് പൂരിപ്പിക്കേണ്ടത്.

 പൂരിപ്പിച്ച ഫോം അതത് എസ്.ബി.ഐ സർക്കിളിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അനെക്‌സ്യൂർ-2ൽ ഇ-മെയിൽ വിലാസങ്ങളുണ്ട്. കേരള സർക്കിളിന്റെ ഇ-മെയിൽ വിലാസം: stopemi.lhotri@sbi.co.in

3. ഓപ്‌ഷൻ മൂന്ന് : ഇത് മാർച്ചിലെ വായ്‌പാത്തവണ നേരത്തേ അടച്ചുപോയവർക്കുള്ളതാണ്. അവർ മോറട്ടോറിയത്തിനും മാർച്ചിൽ അടച്ച തുകയുടെ റീഫണ്ടിനും ഓപ്‌ഷൻ രണ്ട് പ്രകാരമുള്ള ഫോം തന്നെ പൂരിപ്പിച്ച്, അതത് സർക്കിളിലെ ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം.

മോറട്ടോറിയം സ്വീകരിച്ചാൽ:

  1. ആറുലക്ഷം രൂപയുടെ കാർ ലോൺ, ഇനി വീട്ടാൻ 54 മാസം ശേഷിക്കുന്നു എന്നിരിക്കട്ടെ. ഏകദേശം 19,000 രൂപയായിരിക്കും അധിക പലിശ ബാദ്ധ്യത. അതായത്, ഒന്നര ഇ.എം.ഐ അധികം അടയ്ക്കണം.
  2. 30 ലക്ഷം രൂപയുടെ ഭവന വായ്‌പ, ഇനി വീട്ടാൻ 15 വർഷം ശേഷിക്കുന്നു എന്നിരിക്കട്ടെ. പ്രതീക്ഷിക്കുന്ന അധിക പലിശ ബാദ്ധ്യത : ₹2.34 ലക്ഷം. എട്ട് ഇ.എം.ഐ അധികം.