1

വാഷിംഗ്ടൺ ഡി.സി: ലോക ജനതയെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 50,​000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞതോടെ ലോകരാജ്യങ്ങൾ ഭീതിയിലായിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ആയിരത്തോളം ആളുകൾ മരിച്ചതോടെ ഇന്നലത്തെ മാത്രം മരണസംഖ്യ 6095 ആയി ഉയർന്നു. ഇതിൽ 2,200 പേർ ന്യൂയോർക്ക് സ്വദേശികളാണ്.

മൃതദേഹങ്ങൾ സൂക്ഷിക്കാനായി ഒരുലക്ഷത്തിലേറെ ബോഡി ബാഗുകൾ ലഭ്യമാക്കാൻ ഫെഡറൽ എമർജൻസി മാനേജ്‍മെന്റ് ഏജൻസി ആവശ്യപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു.

 ട്രംപിന്റെ സ്രവപരിശോധന രണ്ടാംതവണയും നെഗറ്റീവ്

ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യമാണെങ്കിലും അമേരിക്ക സമ്പൂർണ ലോക്‌‌‌ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. പകരം ആളുകൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ നിറുത്താനും പദ്ധതിയുണ്ട്. അതിനിടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ യു.എസ് പൗരന്മാരെ തിരികെയെത്തിക്കാൻ നടപടികൾ ആരംഭിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

 ഇറ്റലിയിലെ അവസ്ഥയും ഗുരുതരമായി തുടരുകയാണ്. സ്പെയിനിൽ ഒറ്റ ദിവസം 940 പേർ മരിച്ചതോടെ മരണസംഖ്യ 10,348 ആയി.

 ലാറ്റിനമേരിക്കൻ– കരീബിയൻ രാജ്യങ്ങളിലായി ആകെ രോഗികളുടെ എണ്ണം 20,000 കവിഞ്ഞു. മരണം 500. ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ രോഗികൾ. ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളിൽ നിന്ന് സൈന്യം 150 മൃതദേഹങ്ങൾ കണ്ടെടുത്തു.

 റഷ്യയിൽ ലോക്ക്ഡൗൺ ഈ മാസം 30 വരെ നീട്ടി

 ഇറാൻ ജനപ്രതിനിധി സഭയായ ഇസ്‌ലാമിക് കൺസർവേറ്റീവ് അസംബ്ലി സ്‌പീക്കർ അലി ലാരിജാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇറാനിൽ മരണം 3,000 കവിഞ്ഞു. ഇന്നലെ മാത്രം 124 മരണം. രാജ്യത്തെ രോഗികൾ അരലക്ഷം. ബിസിനസ് സ്ഥാപനങ്ങൾ 27ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു.

 ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന് പരിശോധനാഫലം നെഗറ്റീവ്. മെർക്കൽ ജോലിയിൽ തിരികെ പ്രവേശിച്ചു.

 ഇസ്രയേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്‌മനും ഭാര്യയ്ക്കും കൊവിഡ്. ലിറ്റ്‌സ്‌മനുമായി അടുത്തിടപഴകിയ മൊസാദ് തലവൻ യോസി കോയെൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേർ ബിൻ ഷബാത് എന്നിവരടക്കം ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ ഐസലേഷനിൽ.

 തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം മലേഷ്യ. ആകെ രോഗികൾ 3,000. മരണം 50. ഒരാഴ്ചയ്ക്കകം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

 ആസ്ട്രേലിയയിൽ ഒരുമിച്ചു ചേരുന്നതിനുള്ള വിലക്ക് തുടരുന്നു. വിലക്കു ലംഘിക്കുന്നവർക്ക് 6672 ഡോളർ പിഴ. ന്യൂ സൗത്ത് വെയ്‌ൽസ് സംസ്ഥാനത്ത് വിലക്കു ലംഘിച്ചാൽ ആറ് മാസം തടവ്. ആകെ രോഗികൾ 5000. 22 മരണം

 ബ്രസീലിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം

 മക്കയിലും മദീനയിലും 24 മണിക്കൂർ നിരോധനാജ്ഞ

 യു.എ.ഇയിൽ താമസ, സന്ദർശക വിസാ കാലാവധിക്ക് ശേഷവും തങ്ങുന്നവർക്കു 3 മാസത്തേക്കു പിഴയില്ല. നിറുത്തിവച്ച വിമാന സർവീസുകൾ എമിറേറ്റ്സ് ആറിന് ഭാഗികമായി പുനരാരംഭിക്കും. എന്നാൽ, ഇന്ത്യയിലേക്ക് 14 വരെ വിമാന സർവീസില്ലെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി.

 ഖത്തറിൽ സ്ഥിരതാമസാനുമതി രേഖയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം. യാത്രയ്ക്കായി അതതു രാജ്യങ്ങളിലെ ഖത്തർ എംബസിയുമായി ബന്ധപ്പെടണം. ഖത്തറിലെത്തിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.