തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ സർക്കാ‌ർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും അവശ്യ സർവീസുകളിലും സേവനമനുഷ്ഠിക്കുന്നവരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കരുത്. പണലഭ്യത ഉറപ്പാക്കേണ്ട മാന്ദ്യകാലത്ത് ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അതിനാൽ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, ജനറൽ സെക്രട്ടറി കെ.എ. മാത്യു എന്നിവ‌ർ സ‌ർക്കാരിനോട് ആവശ്യപ്പെട്ടു.