ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് ലോക്ക്ഡൗണിനെപ്പറ്റി എഴുതുന്നു
ബാംഗ്ളൂരിലെ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ക്യാമ്പിലാണ് ഇപ്പോൾ ഇന്ത്യൻ ഹോക്കി ടീം. ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലായിരുന്നു ഞങ്ങൾ. അതിനാൽ ലോക്ക്ഡൗൺ വന്നപ്പോൾ ഇവിടെത്തന്നെ തുടരേണ്ടിവന്നു.
ഇൗയൊരവസ്ഥ ഞങ്ങൾക്ക് ആദ്യമാണ്. പക്ഷേ രാജ്യം വലിയൊരു വിപത്തിനെതിരെ പൊരുതുമ്പോൾ അതിനൊപ്പം നിൽക്കാൻ ഞങ്ങളും തയ്യാറാണ്.സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അക്ഷരം പ്രതി അനുസരിക്കുകയാണ് ഇപ്പോൾ എല്ലാവരും ചെയ്യേണ്ടതും. നമ്മൾ സുരക്ഷിതത്വം പാലിക്കേണ്ടത് ഇൗ രോഗം വരാതിരിക്കാൻ വേണ്ടി മാത്രമല്ല, നമ്മളിൽ നിന്ന് മറ്റൊരാൾക്ക് പകരാതിരിക്കാനുമാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലവുമാണ് ഏറ്റവും പ്രധാനം.
സായ്‌യുടെ വിശാലമായ ക്യാമ്പസിനകത്താണ് ഞങ്ങളുടെ താമസം. അതുകൊണ്ടുതന്നെ ഒറ്റയ്ക്കൊറ്റയ്ക്ക് അൽപ്പസമയം പുറത്ത് നടക്കാനും കുറച്ചൊക്കെ വെയിലുകൊള്ളാനും കഴിയുന്നുണ്ട്. ക്യാമ്പസിനുള്ളിലേക്ക് ആരേയും കടത്തിവിടുന്നില്ല. ആർക്കും പുറത്തുപോകാനുമാകില്ല. അതുകൊണ്ടുതന്നെ രോഗഭീതിയില്ല.
ഒളിമ്പിക്സ് മാറ്റിവച്ചതുകൊണ്ട് ഇപ്പോൾ വലിയ പരിശീലനം നടത്തേണ്ടതില്ല.വ്യക്തിപരമായ വ്യായാമങ്ങളാണ് പതിവായി ചെയ്യുന്നത്. ഇടയ്ക്ക് ഒന്നുരണ്ടുപേർ ചേർന്ന് ഗ്രൗണ്ടിലും പ്രാക്‌ടീസ് ചെയ്യാറുണ്ട്.
ഇവിടെ ഞങ്ങൾ ലോക്കിലായിരിക്കാം. പക്ഷേ മാനസികമായി ഒട്ടും ഡൗണല്ല എന്നാണ് പറയാനുള്ളത്. അച്ചടക്കത്തോടെ ജീവിതത്തിൽ ഒരു പുതിയ രീതി ആസ്വദിക്കുകയാണ്.ഇൗ സമയം ഞങ്ങൾ ഒട്ടും പാഴാക്കുന്നില്ല. പരസ്‌പരം തുറന്നു സംസാരിക്കാൻ, ശാരീരികമായി അകന്നുനിൽക്കുമ്പോഴും മാനസികമായി ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ പരിചയിച്ചുകഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ ബിവറേജിന് മുന്നിൽ കളം വരച്ചിരിക്കുന്ന ഫോട്ടോ വാട്ട്സാപ്പിൽ കണ്ടു. ഞങ്ങളുടെ മെസിലും അതേപോലെ കളം വരച്ചിട്ടുണ്ട്. ഒരു മേശയിൽ രണ്ടുപേർ മാത്രം.ഇതുവരെ പഠിക്കാത്ത പലതും പഠിക്കാനുള്ള സമയം കൂടിയാണിത്.ഞങ്ങളുടെ കൂട്ടത്തിൽ നന്നായി ഇംഗ്ളീഷ് സംസാരിക്കാനോ വിദേശത്ത് ഇന്റർവ്യൂകളിൽ സംസാരിക്കാനോ കഴിയാത്ത പലരുമുണ്ടായിരുന്നു. ക്യാമ്പിൽ ഞങ്ങളുടെ കോച്ചിന്റെയും സഹകോച്ചിന്റെയും സഹധർമ്മിണിമാരുമുണ്ട്. ആസ്ട്രേലിയക്കാരായ അവർ നല്ല അധ്യാപകരാണ്. ഞങ്ങളുടെ ഇംഗ്ളീഷ് മെച്ചപ്പെടുത്തുന്ന ജോലി അവർ ഏറ്റെടുത്തു കഴിഞ്ഞു.സ്കൂളും കോളേജും കഴിഞ്ഞെങ്കിലും ഇപ്പോൾ ഞങ്ങൾ വിദ്യാർത്ഥി ജീവിതവും ആസ്വദിക്കുന്നു.
കാക്കനാട്ടെ വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും. ഇപ്പോൾ അവർക്കൊപ്പമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ എന്റെ മാത്രം സന്തോഷത്തിന് വലിയ പ്രാധാന്യമില്ല. രാജ്യത്തിനൊപ്പം നിൽക്കേണ്ട സമയമാണിത്. ഇൗ ലോക്ക് ഡൗൺ നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു. സന്തോഷത്തോടെ ഇൗ അവസരം നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുക.