ലാഹോർ: ഇന്ത്യയിലേതിന് സമാനമായി പാകിസ്ഥാനിലെ റായ്‌വിന്ധിൽ മാർച്ചിൽ രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്ത തബ്‌ലീഗ് സമ്മേളനം നടന്നുവെന്ന് റിപ്പോർട്ട്. മാർച്ച് 11നാണ് സമ്മേളനം തുടങ്ങിയത്. 13ന് പരിപാടി നിറുത്തി വച്ചു. കൊവിഡ് മൂലമാണ് പരിപാടി നിറുത്തിവച്ചതെന്നും അതല്ല മഴ മൂലമാണെന്നും വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്. പരിപാടിയിൽ പങ്കെടുത്ത ഏതാണ്ട് നൂറിലധികം പേർക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുപോയ എല്ലാവരോടും ക്വാറന്റൈനിൽ കഴിയാൻ സിന്ധ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ കൊവിഡിന്റെ കാര്യത്തിൽ പുലർത്തിയ ജാഗ്രത പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ലോക്ക്ഡൗൺ എന്നത് മോശം ആശയമാണെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നത്.