ജനങ്ങളെ ബോധവത്കരിക്കാൻ കായകതാരങ്ങൾ മുന്നിട്ടിറങ്ങണമെന്ന് വീഡിയോ കോൺഫറൻസിൽ മോദി
ന്യൂഡൽഹി : കൊവിഡ്- 19 വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനും ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും രാജ്യത്തെ പ്രമുഖ കായികതാരങ്ങളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായികരംഗത്തെ 49 പ്രമുഖ വ്യക്തിത്വങ്ങളുമായി ഇന്നലെ നടത്തിയ വീഡിയോ കോൺഫറൻസിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്ലി,മുൻ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി.സിന്ധു, മുൻ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്, അത്ലറ്റിക് ഇതിഹാസം പി.ടി.ഉഷ, അഞ്ജു ബോബി ജോർജ് തുടങ്ങിയവരൊക്കെ വീഡിയോ കോൺഫറൻസിൽ പങ്കാളികളായി.
ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കേണ്ടതിന്റെയും വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകത സാധാരണക്കാരിലേക്കെത്തിക്കാൻ കായികതാരങ്ങൾക്ക് കഴിയുമെന്ന് പ്രധാനമന്ത്രി ഒാർമ്മിപ്പിച്ചു.തങ്ങളുടെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ ഇതിനായി ഉപയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുറന്ന മനസോടെയാണ് കാണുന്നതെന്ന് കായിക താരങ്ങൾ പറഞ്ഞു. തങ്ങളുടെ മനസിലുള്ള ചിന്തകൾ അവർ പ്രധാനമന്ത്രിയോട് പങ്കുവയ്ക്കുകയും ചെയ്തു. വിരാട് കൊഹ്ലിയടക്കുള്ളവർ പിന്നീട് ആരാധകർക്കായി വീഡിയോ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുമായി കായികതാരങ്ങൾ പങ്കുവച്ചത്
ഏപ്രിൽ 14ന് ലോക്ക്ഡൗൺ പിൻവലിച്ചാലും നമ്മൾ പ്രതിരോധ നടപടികളിൽ നിന്ന് പിന്മാറരുത് എന്ന എന്റെ ചിന്ത ശരിവയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.സോഷ്യൽ ഡിസ്റ്റൻസിംഗ് കുറച്ചുകാലം കൂടി തുടർന്നേ മതിയാകൂ. ഷേയ്ക്ക് ഹാൻഡിന് പകരം നമസ്തേ പറയുന്ന ശീലം തുടരണം.
- സച്ചിൻ
കൊവിഡ് -19 തടയുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികൾ ശ്ളാഘനീയമാണ്. ജനതാകർഫ്യൂ ദിനത്തിലെ ആരോഗ്യപ്രവർത്തകർക്ക് നന്ദിപറയലും ഞായറാഴ്ചത്തെ ദീപം കൊളുത്തലും ജനങ്ങൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.
പി.വി സിന്ധു
ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർക്ക് നല്ല ശിക്ഷ നൽകണം. സിക്കിമിലേക്ക് ടെസ്റ്റിംഗ് കിറ്റുകൾ അനുവദിക്കണം.
- ബെയ്ചുംഗ് ബൂട്ടിയ
ആരോഗ്യപ്രവർത്തകരെ ആക്രമിച്ച വാർത്തകൾ വളരെ സങ്കടകരമാണ്. അവരെ മാതൃകാപരമായി ശിക്ഷിക്കണം.
- ഹിമ ദാസ്