തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് പകരം ഫാസിസ്റ്റ് രീതിയിലുള്ള വിലകുറഞ്ഞ പ്രഹസനം നടത്തി ജനശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രിയിൽ നിന്ന് രാജ്യം കോൾക്കാനാഗ്രഹിച്ചത്. കൊവിഡ് രോഗനിർണ്ണയത്തിനാവശ്യമായ കിറ്റുകൾ പോലും സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. അവ ഉറപ്പാക്കുന്നതിനോ വെല്ലുവിളികളെ അതിജീവിച്ച് രാപ്പകൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലപ്പെടുത്തുന്നതിനോ ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞില്ലായെന്നത് നിർഭാഗ്യകരമാണ്.
കൊവിഡിനെ തുടർന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തൽ, പട്ടിണിപ്പാവങ്ങളായ നിത്യവൃത്തിക്കാർക്ക് ആശ്വാസം തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതിന് പകരമായി പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും പറയുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.