തിരുവനന്തപുരം: ക്വാറന്റൈനിൽ കഴിയുന്ന ചെറിയ രോഗലക്ഷണങ്ങളുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കേരളത്തിൽ ഒന്നര ലക്ഷത്തിലധികം ജനങ്ങൾ ക്വാറന്റൈനിലാണ്. ഇവിടെ ഫലപ്രദമായ സക്രീനിംഗ് എന്ന് പറയുന്നത് പ്രതിദിനം 3000 ടെസ്റ്റുകളാണ്. ഇത്രയും ടെസ്റ്റുകൾ ചെയ്യാൻ ഇവിടെ സംവിധാനമുണ്ടെങ്കിലും കേവലം 500ൽ താഴെ ടെസ്റ്റുകളാണ് ഇപ്പോൾ ചെയ്യുന്നത്. രോഗവ്യാപനത്തിന്റെ യഥാർത്ഥ ചിത്രം ഇതിലൂടെ ഒരിക്കലും വെളിപ്പെടില്ല. പൊതുജനാരോഗ്യം നിലനിറുത്താനും സാമൂഹ്യ വ്യാപനത്തിലേക്ക് പോകാതിരിക്കാനും എഫക്ടീവ് സ്‌ക്രീനിംഗ് അത്യന്താപേക്ഷിതമാണ്. കുറഞ്ഞത് 3000 ടെസ്റ്റുകൾ എങ്കിലും പ്രതിദിനം ചെയ്യണം. റാപ്പിഡ് ടെസ്റ്റ് സംവിധാനം കൂടി വന്നാൽ അത് 6000 ആയെങ്കിലും ഉയർത്തണം.
ഇതിന് മുമ്പ് നാല് തവണ ഈ വിഷയമുന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഐ.സി.എം.ആർ, ഐ.എം.എ , കെ.ജി.ഒ.എ തുടങ്ങിയ സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. എന്നിട്ടും ഈ മാർഗം അവലംബിക്കാൻ സർക്കാർ മടിച്ച് നിന്നതിനെ തുടർന്നാണ് ഇക്കാര്യമോർമ്മിപ്പിച്ച് വീണ്ടും കത്ത് നൽകിയത്.
ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യതക്കുറവ് പരിഹരിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു. ഹിമോഫീലിയ രോഗികൾ, കിഡ്നി മാറ്റിവെച്ചവർ, മാനസിക പ്രശ്നങ്ങളുള്ളവർ എന്നിവർക്ക് മരുന്നുകൾ കിട്ടാത്ത അവസ്ഥ ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള വയോമിത്രം ക്ലിനിക്ക് പ്രവർത്തിക്കാത്ത കാര്യവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.