കൊവിഡ് എന്ന മഹാമാരിയുടെ വ്യാപനത്തിലും ഭീതിയിലും നിന്നു രക്ഷപ്പെടുവാനുള്ള ഒരു മാർഗം കണ്ടെത്തുവാൻ ഇന്നു ലോകമെങ്ങും ഒരുപോലെ പരിശ്രമിക്കുകയാണ്. ഇനിയും അതിനൊരു അന്തിമഫലം ഉണ്ടാക്കാനായിട്ടില്ല. ലോകത്ത് ഈ നിമിഷംവരെയും വികസിച്ചുവന്നിട്ടുള്ള വൈദ്യശാസ്ത്രവിജ്ഞാനവും ആരോഗ്യശാസ്ത്രവിജ്ഞാനവും ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളുമെല്ലാം ഒന്നിച്ചുകൂടിയിട്ടും ഈ ശാസ്ത്രങ്ങളുടെയൊന്നും പിടിയിലൊതുങ്ങാതെ നില്ക്കുന്ന കൊറോണ വൈറസ് അക്ഷരാർത്ഥത്തിൽ ലോകവാസികളെയെല്ലാം പിടിച്ചുകെട്ടിയിരിക്കുകയാണ്. നമ്മുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും സ്ഥാനമാനങ്ങളും യോഗ്യതകളും അവകാശങ്ങളും വിശ്വാസങ്ങളും ഒക്കെത്തന്നെ കേവലം നോക്കുകുത്തികൾ മാത്രമാണെന്ന്, കാഴ്ചയിൽ മറഞ്ഞും സാന്നിദ്ധ്യത്തിൽ തെളിഞ്ഞും നില്ക്കുന്ന ഈ വൈറസുകൾ നമ്മെ പഠിപ്പിക്കുകയാണ്.
ഒരു വ്യക്തിയോ ഒരു ജാതിയോ ഒരു മതമോ ഒരു വിശ്വാസസമൂഹമോ ഒരു രാജ്യമോ തന്നെ മറ്റൊന്നിനെ കീഴ്പ്പെടുത്തുവാനോ പ്രതിരോധിക്കുവാനോ വേണ്ടി കൂട്ടിവച്ചിരിക്കുന്ന ആയുധശക്തിയും, കരുതിവച്ചിരിക്കുന്ന സാമ്പത്തികശക്തിയും ഒന്നുമല്ലാതായിപ്പോകുന്ന ചില കാലങ്ങൾ വന്നു ഈ ലോകത്തെയാകെ അടക്കിക്കളയുമെന്നതിന് ഇതൊരു സാക്ഷ്യമാണ്. ഇവിടെ നമ്മൾ ഒന്നാലോചിക്കേണ്ടത്, ഉണർന്നാൽ ഉറങ്ങുന്നതുവരെയും ബാഹ്യകാര്യങ്ങളിൽ മുഴുകി തന്റെ സുഖത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി അഹോരാത്രം പ്രയത്നിച്ചതെല്ലാം നമുക്ക് ഈ രോഗകാലത്ത് എത്രകണ്ട് പ്രയോജനപ്പെട്ടു എന്നതാണ്. ഇങ്ങനെയൊരു ചിന്ത നടത്തുന്നതായാൽ പ്രയോജനപ്പെടാതെ പോകുന്നതാണ് അതിലധികവുമെന്ന് നമുക്ക് ബോധ്യപ്പെടും.
എന്തുപറഞ്ഞാലും ഒന്നിനും സമയമില്ലെന്നു പറഞ്ഞ് ശീലിച്ച മനുഷ്യന് ഇന്ന് ഈ രോഗകാലം ധാരാളമായി നല്കിയിരിക്കുന്നത് സമയം മാത്രമാണ്, എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കാനുള്ള സന്ദേശമാണ്. ഇങ്ങനെയൊരു ഏകാന്തതയിലൂടെ മാത്രമേ ഈ വൈറസിന്റെ പടർപ്പിനിടയിൽപ്പെടാതെ നില്ക്കാനാവൂ എന്ന് ശാസ്ത്രലോകവും ഇപ്പോൾ നിരന്തരം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവനുമുള്ള മനുഷ്യൻ ഏതാണ്ട് ഒരേ കാലത്ത് തന്നെ അവരവരിലേക്ക് ചുരുങ്ങി ബാഹ്യലോകമാകെ നിശ്ചലമായിപ്പോകുന്ന ഒരു സ്ഥിതിവിശേഷം മനുഷ്യചരിത്രത്തിൽ ഇതാദ്യമായിട്ടാണെന്നു പറയാം.
അതിനിടയാക്കിയതോ, പൊടിയേക്കാൾ പൊടിയായൊരു കീടവും. ഈ കീടത്തെയും ഇവിടെ ജനിപ്പിച്ചതും പെരുപ്പിച്ചതും നമ്മെ ജനിപ്പിച്ച അതേ പ്രപഞ്ചതത്വം തന്നെയാണെന്നതും നമ്മൾ മനസ്സ് തുറന്നുകാണണം.
ഈ പ്രപഞ്ചതത്വത്തെ സഹസ്രാബ്ദങ്ങൾക്കുമുമ്പുതന്നെ ഇടവിടാതെ മനനം ചെയ്തിരുന്നവരാണ്. നമ്മുടെ ഗുരുക്കന്മാർ. ഓരോ സൃഷ്ടിക്കു പിന്നിലുമുള്ള സ്രഷ്ടാവിന്റെ നിയാമകത്വത്തെയും സാമഗ്രികളെയും അവർ അകക്കണ്ണിലൂടെ കണ്ടറിഞ്ഞവരാണ്. നമുക്ക് രണ്ടായിരിക്കുന്നതെല്ലാം അവർക്ക് ഒന്നായിരുന്നത് അതുകൊണ്ടാണ്. ദൃക്കും ദൃശ്യവും അവർക്ക് വേറുവേറായിരുന്നില്ല. എന്നാൽ നമ്മുടെ ശാസ്ത്രബോധം ദൃക്കിനെയും ദൃശ്യങ്ങളെയും പരസ്പരം വേറുവേറാക്കുന്നതാണ്, അല്ലെങ്കിൽ പിരിക്കുന്നതാണ്. ഈ പിരിവുകളെയെല്ലാം ഹരിച്ചൊന്നാക്കുവാൻ ഒരു കാലത്തെയും ശാസ്ത്രവിദ്യയ്ക്ക് സാദ്ധ്യമാവുകയില്ല. എന്നാൽ ആത്മവിദ്യയ്ക്ക് അത് സാദ്ധ്യമാവുകയും ചെയ്യും. ഈ സത്യത്തിന്റെ ആവിഷ്കാരമാണ്, നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിൽ വേറല്ല വിശ്വമറിവാം മരുവിൽ പ്രവാഹം എന്ന ഗുരുദേവതൃപ്പാദങ്ങളുടെ അദ്വൈതദീപികയിലെ വരികൾ. ഈ ആത്മവിചാരത്തെ ദൃഢപ്പെടുത്തുവാൻ സഹായിക്കുന്ന തൃപ്പാദങ്ങളുടെ ഒരു സംഭാഷണംകൂടി ഇവിടെ പറയാം.
ഒരിക്കൽ തൃപ്പാദങ്ങൾ ആലുവാ അദ്വൈതാശ്രമത്തിൽ വിശ്രമിക്കുന്ന അവസരം. അപ്പോൾ നടരാജൻ (നടരാജഗുരു) വേദാന്തത്തിലെ ചില സംശയങ്ങൾക്ക് വ്യക്തത വരുത്താൻ ആഗ്രഹിച്ചുകൊണ്ട് അടുത്തെത്തി. അതറിഞ്ഞ തൃപ്പാദങ്ങൾ ചോദിച്ചു: മുത്തുച്ചിപ്പി കണ്ടിട്ടുണ്ടോ?
നടരാജൻ: കണ്ടിട്ടുണ്ട്.
തൃപ്പാദങ്ങൾ: മുത്തുച്ചിപ്പിയുടെ ഉള്ളിൽ മുത്തുണ്ടാകുന്നതെങ്ങനെയാണ്?
നടരാജൻ:'സ്വാതിനക്ഷത്രദിവസം മുത്തുച്ചിപ്പിയുടെ ഉള്ളിൽ വീഴുന്ന വെള്ളത്തുള്ളി അവിടെയിരുന്നു പാകപ്പെട്ട് ഒടുവിൽ മുത്തായിത്തീരുന്നുവെന്നാണ് കേട്ടിട്ടുള്ളത്.
തൃപ്പാദങ്ങൾ: ഇത് എവിടെനിന്നാണ് കേട്ടിട്ടുള്ളത്?
നടരാജൻ: പഴമക്കാരിൽ നിന്നാണ്.
തൃപ്പാദങ്ങൾ: ഇത് നമുക്കും കേട്ടറിവുള്ളതാണ്. എന്നാൽ ശാസ്ത്രം പഠിച്ചവർക്ക് ഇത് സ്വീകാര്യമാകുമോ?
മറുപടി പറയാതെ നിന്ന നടരാജനെ നോക്കി വീണ്ടും തൃപ്പാദങ്ങൾ പറഞ്ഞു: ആ ജീവിയുടെ ശരീരത്തിൽ മറ്റവയവങ്ങൾ ഉണ്ടാകുന്നതുപോലെ അതിന്റെയുള്ളിൽ ഒരു മുത്തുകൂടി ഉണ്ടാകുന്നു എന്നു ധരിച്ചാൽ മതിയല്ലോ.
തൃപ്പാദങ്ങളുടെ ഈ ശാസ്ത്രീയനിരീക്ഷണമാണ് ശാസ്ത്രം പഠിച്ച നടരാജഗുരുവിന് പിന്നീട് ശാസ്ത്രത്തിലൂടെ ആത്മവിദ്യയെയും ആത്മവിദ്യയിലൂടെ ശാസ്ത്രത്തെയും നോക്കിക്കാണുവാനുള്ള ദാർശനികാവബോധത്തിന് വേണ്ടത്ര കരുത്തേകിയത്. ഇപ്രകാരമുള്ള ഒരു നോക്കിക്കാണൽ നമ്മുടെ ജീവിതത്തിലും ഉണ്ടാകുന്നതായാൽ ലോകത്തിനും കാലത്തിനും ചേരാത്ത അശാസ്ത്രീയമായ ധാരണകളെയും ഊഹാപോഹങ്ങളെയും നമുക്ക് തിരുത്താനാവും.
ഒന്നുമില്ലെന്നു പറഞ്ഞുകൂടാ എന്നാൽ എല്ലാം ഉണ്ടെന്നും പറഞ്ഞുകൂട. ആത്മവിദ്യ വിചാരം ചെയ്യുന്നത് ഈ സത്യത്തെ തെളിച്ചെടുക്കുവാനുള്ള സ്വാദ്ധ്യായമാണ്. അങ്ങനെയുള്ള ഒരു സ്വാദ്ധ്യായം അഥവാ ഒരു സ്വയംപഠനം ശീലമാക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. നമ്മുടെ ആത്മബലവും ആത്മവിശ്വാസവും ആത്മധൈര്യവും ദൃഢപ്പെട്ടുവരും.ഇവ മൂന്നും ഉള്ളവനെ ഒരു രോഗചിന്തയ്ക്കും ദുർബലപ്പെടുത്താനാകില്ല. എന്നാൽ ഇവയുടെ അഭാവമുള്ളവന് മറ്റെന്തെല്ലാമുണ്ടായാലും ദുർബലതയെ മറികടക്കാനാവുകയുമില്ല. അതുകൊണ്ട് ഈ അടച്ചിടൽ കാലം നമുക്കൊരു സ്വാദ്ധ്യായത്തിന് തുടക്കമാക്കാം. ഗുരുദേവതൃപ്പാദങ്ങളുടെ ദൈവചിന്തനം ഒന്നിന്റെ തുടക്കം തന്നെയാവും അതിനു ഏറ്റവും യോജിച്ച വിഷയം. ആ കൃതി തുടങ്ങുന്നത് ഇങ്ങനെയാണ്. 'ഈ ഭൂലോകത്തിൽ ബഹുവിധം ജീവകോടികൾ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടുകൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു.'
തൃപ്പാദങ്ങൾ ഇപ്പറയുന്ന അനന്തജീവകോടികളിൽ ഉൾപ്പെടാത്തതായി യാതൊന്നും തന്നെയില്ല. ഇന്നു കൊവിഡ് പരത്തുന്ന വൈറസുകളും നാളെ ഇനി മറ്റൊരു പേരിൽ വന്നേക്കാവുന്ന രോഗാണുക്കളുമെല്ലാം തന്നെ ഇതിന്റെ ഭാഗമാണ്. അവയെ പ്രതിരോധിക്കാൻ നമുക്കു മരുന്നുമാത്രം പോര. നല്ലൊരു മനസും മന്ത്രവും കൂടി വേണ്ടതുണ്ട്. അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണം എന്ന ഗുരുവചനമാകട്ടെ ആ മന്ത്രം.