മെൽബൺ: ചൈനയിലെ വിവിധതരം മൃഗങ്ങളുടെ ഇറച്ചി വിൽക്കുന്ന (വെറ്റ് മാർക്കറ്റ്) മാർക്കറ്റുകൾക്കെതിരെ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും നടപടിയെടുക്കണമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാർക്കറ്റുകൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ പാമ്പ്, ആമ, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ ഇറച്ചി വിൽക്കുന്ന കടകൾക്കെതിരെ ലോകരാജ്യങ്ങളുടെ വിമർശനം ഉയർന്നിരുന്നു.
വുഹാനിലെ ഹുനാൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് കൊവിഡ് - 19ന്റെ ഉത്ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതൽ ഈ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
'എവിടെയൊക്കെ വെറ്റ് മാർക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന്" ഒരു അഭിമുഖത്തിൽ സ്കോട്ട് മോറിസൺ പറഞ്ഞു.