വാഷിംഗ്‌ടൺ ഡി.സി : കൊവിഡ് -19 വ്യാപനം തടയുന്നതിന് ഇന്ത്യയ്ക്ക് ലോകബാങ്ക് 100 കോടി ഡോളർ (7631.16 കോടി രൂപ) ധനസഹായം നൽകും. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം ഇന്ത്യയ്ക്കാണ് ലഭിച്ചിരിക്കുന്നത്.
പാകിസ്ഥാന് 20 കോടി, അഫ്ഗാനിസ്ഥാന് 10 കോടി, ശ്രീലങ്കയ്‍ക്ക് 12.86 കോടി, മാലദ്വീപിന് 73 ലക്ഷം (ഡോളർ കണക്ക്) എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
രോഗബാധിതരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുക, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ സംഭരിക്കുക എന്നീ ആവശ്യങ്ങൾക്കായാണ് സഹായം അനുവദിച്ചിരിക്കുന്നത്.
25 രാജ്യങ്ങൾക്കായി 190 കോടി ഡോളറിന്റെ പദ്ധതിയാണ് തയ്യാറാക്കിയിരുന്നതെങ്കിലും പിന്നീടതിൽ 20 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. അടുത്ത 15 മാസത്തിനുള്ളിൽ വൈറസ് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങൾക്ക് ഗ്രാന്റ് അനുവദിക്കാനുള്ള നടപടികൾ ലോകബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകും. 1600 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് തയ്യാറായിട്ടുണ്ട്.
രോഗമുക്തരാകുന്നതിനുള്ള സമയം കുറയ്‍ക്കുക, രാജ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുക, ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുക, വൈറസ് വ്യാപനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്ന സാധാരണക്കാരും ദരിദ്രരുമായവരെ സഹായിക്കുക എന്നിവയാണ് സാമ്പത്തിക പാക്കേജിന്റെ ലക്ഷ്യങ്ങൾ.
വികസ്വര രാജ്യങ്ങളെ കൊവിഡിൽ നിന്ന് കരകയറാൻ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇത്തരം രാജ്യങ്ങളെ സഹായിക്കാൻ മറ്റ് ഏജൻസികളെയും സന്നദ്ധ സംഘടനകളെയും പ്രേരിപ്പിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.