pinarayi-vijayan

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ് സ്വദേശികളായ ഏഴ് പേരിലും കണ്ണൂർ സ്വദേശിയായ ഒരാളിലും തൃശൂർ സ്വദേശിയായ ഒരാളിലുമാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതിൽ ഒരാൾ ഗുജറാത്തിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 295 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗം ബാധിച്ച 14 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കോട്ടയത്തെ ആരോഗ്യപ്രവർത്തകയും റാന്നിയിലെ വൃദ്ധ ദമ്പതികളും രോഗം ഭേദമായവരുടെ കൂട്ടത്തിൽ പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. വൃദ്ധ ദമ്പതികൾ രോഗമുക്തി നേടിയത് ആരോഗ്യ സംവിധാനത്തിന്റെ മികവിനെയാണ് എടുത്തുകാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകളുടെ ആദ്യ ബാച്ച് എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 1000 കിറ്റുകളാണ് ആസ്യ ബാച്ചിൽ എത്തിയത്. തിരുവനന്തപുരത്താണ് കിറ്റുകൾ ആദ്യം എത്തിയത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിക്കുകയാണ്. ഇതിലൂടെ രണ്ട് മണിക്കൂറിനകം കൊവിഡ് 19 പരിശോധനാ ഫലം ലഭിക്കും. ഇന്ന് മാത്രം 154 പേർ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചൻ സംബന്ധിച്ച് അനാവശ്യ ഇടപെടലുകൾ ഉണ്ടാകുന്നു. ഇഷ്ടക്കാർക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചാൽ അനുവദിക്കാൻ സാധിക്കില്ല. റേഷൻ കടകളിൽ നടത്തിയ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമമിലാതെ ജോലി ചെയ്യുകയാണെന്നും പ്രതികൂല സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന പൊലീസുകാർക്ക് കിൻലി കമ്പനി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം തമിഴ്നാടുമായി പങ്കിടുന്ന അതിർത്തികൾ അടച്ചുവെന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം അറിയിച്ചു. കേരളം അങ്ങനെയുള്ള കാര്യങ്ങൾ ആലോചിട്ടില്ല എന്നും സംസ്ഥാനം ഒരു അതിർത്തിയും അടയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് 19 രോഗത്തിന്റെ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ അദ്ദേഹത്തിന്റെ മുൻകൈയോടെയാണ് എത്തിയതെന്നും 2000 കിറ്റുകൾ ഞായറാഴ്ചയുടെ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ശശി തരൂർ എം.പിയെ അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് 19 രോഗപ്രതിരോധത്തിനുള്ള മാസ്കുകൾ വ്യാപകമായി ഉപയോഗിക്കേണ്ടതാണെന്നും മാസ്ക് ധരിക്കുന്നത് മറ്റുള്ളവരോടുള്ള കരുതലാണെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ബാർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും. അദ്ദേഹം പറഞ്ഞു.

ചുമട്ടുതൊഴിലാളികൾക്ക് 30 കോടിയുടെ ബോണസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം തൊഴിൽ ചെയ്യുന്നവർക്കും പെട്രോൾ പമ്പ് ജീവനക്കാർക്കും 1000 രൂപ നൽകും. മറ്റ് അസുഖങ്ങൾക്ക് ചികിത്സ നൽകാനായി ക്ലിനിക്കുകൾ പ്രവർത്തിക്കണം. കോട്ടയത്തെ സാമൂഹിക അടുക്കളയ്ക്ക് മതിയായ ഫണ്ടുണ്ട്. ഭക്ഷണം അർഹതപ്പെട്ടവർക്ക് മാത്രം നൽകിയാൽ മതി. പ്രവർത്തനം നിലയ്ക്കുമെന്ന പ്രചാരണം തെറ്റാണ്. മുഖ്യമന്ത്രി പറഞ്ഞു.

നിർമാണത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കായി 200 കോടി അനുവദിക്കും. 15 ലക്ഷം തൊഴിലാളികൾക്ക് അതിന്റെ ഗുണഫലം ലഭിക്കും. എസ്.എസ്.എൽ.സി, എച്ച്.എസ്.സി, ബാക്കി പരീക്ഷാ തീയതികൾ നിശ്ചയിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ആകാവുന്ന സംഭാവന നൽകേണ്ടുന്നതിന്റെ ആവശ്യകത ആവർത്തിച്ച് ഓർമിപ്പിക്കുകയാണ്. അതിന് ഏതെങ്കിലും അതിരുകൾ വേണ്ടതില്ല. എല്ലാവരുമെന്ന് പറഞ്ഞാൽ ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരുമെന്ന് തന്നെയാണ് അർത്ഥം. അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ ജീവനക്കാർ സംഭാവന നൽകണം എന്ന് അഭ്യർത്ഥിച്ചപ്പോൾ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. അതോടൊപ്പം മറ്റൊരു അഭ്യർത്ഥന നടത്തുകയാണ്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവിടങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ഇതിന്റെ ഭാഗമാകണം. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,69,291 പേരാണ് വീടുകളിലുള്ളത്. 706 പേർ ആശുപത്രിയിലാണ്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.