pm-modi-

തിരുവനന്തപുരം : ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് രാജ്യത്തെ ജനങ്ങള്‍ വീടുകളിലെ എല്ലാ ലൈറ്റുകളുമണച്ച് ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമർശിച്ചും അനുകൂലിച്ചും രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിരുന്നു എന്നാൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ക ദീപം തെളിക്കൽ കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. മോദിയുടേത് ഒരുമയുടെ ആഹ്വാനമാണന്നും മന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗണില്‍ എല്ലാവരും വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. എങ്കിലും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവനും കൊറോണക്കെതിരെ അണിനിരക്കുകയാണെന്ന് നമുക്ക് ലോകത്തെ കാണിച്ച് കൊടുക്കാനാകുമെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ശശി തരൂര്‍ തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

വരുന്ന ഞായറാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ കെടുത്തി ചെറുവെളിച്ചങ്ങള്‍ തെളിയിക്കണമെന്നും ഇങ്ങനെ കൊറോണെയന്ന ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ച്ചു കളയണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിലൂടെയുള്ള ആഹ്വാനം.