കൊച്ചി: ശമനമില്ലാതെ തുടരുന്ന കൊവിഡ്-19ന്റെ താണ്ഡവം ഓഹരി വിപണിയെയും രൂപയെയും ഇന്നലെയും കനത്ത നഷ്‌ടത്തിലേക്ക് വീഴ്‌ത്തി. ബാങ്കിംഗ്, ധനകാര്യം, വാഹന ഓഹരികളിൽ ശക്തമായ വില്പന സമ്മർദ്ദമുണ്ടായി. സെൻസെക്‌സ് 674 പോയിന്റ് നഷ്‌ടവുമായി 27,590ലും നിഫ്‌റ്റി 170 പോയിന്റ് ഇടിഞ്ഞ് 8,083ലുമാണുള്ളത്.
മാർച്ചിലെ മോശം വില്പനക്കണക്ക് വാഹന ഓഹരികളെ സമ്മർദ്ദത്തിലാക്കി. മാരുതി സുസുക്കി, ടൈറ്റൻ, എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ഇൻഡസ് ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഇന്നലെ വലിയ നഷ്‌ടം നേരിട്ട മുൻനിര ഓഹരികൾ.
ഓഹരി വിപണിയുടെ തളർച്ചയും ക്രൂഡോയിൽ വിലയിടിവിനെ തുടർന്ന് ഡോളറിന് ലഭിച്ച സ്വീകാര്യതയും രൂപയെയും വലച്ചു. ഡോളറിനെതിരെ 67 പൈസ ഇടിഞ്ഞ്, റെക്കാഡ് താഴ്‌ചയായ 76.22ലാണ് രൂപയുള്ളത്.