twitter

വാഷിംഗ്ടൺ: സെർബിയ, സൗദി അറേബ്യ, ഈജിപ്ത്, ഹോണ്ടുറാസ്, ഇന്തോനേഷ്യ എന്നീ സർക്കാരുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 20,000 വ്യാജ അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു. കമ്പനിയുടെ നയങ്ങൾ ലംഘിച്ചുവെന്നും പൊതു സംസാരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് നടപടി.

നീക്കം ചെയ്ത അക്കൗണ്ടുകളിൽ 8,558 എണ്ണം സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുഷിക്കിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയുമായി (എസ്.എൻ.എസ്) ബന്ധപ്പെട്ടവയാണ്. 3 ദശലക്ഷത്തിലധികം ട്വീറ്റുകൾ പോസ്റ്റുചെയ്തിരുന്ന ഈ അക്കൗണ്ടുകൾ സർക്കാരിനെക്കുറിച്ചുള്ള നല്ല വാർത്തകൾ പ്രചരിപ്പിക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. സൗദി അറേബ്യ, ഈജിപ്‌ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന 5,350 അക്കൗണ്ടുകളും നീക്കം ചെയ്തവയിലുണ്ട്.

പ്രചാരണത്തിനും ശത്രുക്കളെ തേജോവധം ചെയ്യുന്നതിനുമായി നിരവധി വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിലുണ്ടെന്ന് സ്റ്റാൻഫോർഡ് ഇന്റർനെറ്റ് ഒബ്സർവേറ്ററി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ്‌ ട്വിറ്റർ പരിശോധന ശക്തമാക്കിയത്.