india-gdp

കൊച്ചി: നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ ജി.ഡി.പി വളർച്ച 30 വർഷത്തെ താഴ്‌ചയായ രണ്ടു ശതമാനത്തിലേക്ക് തകർന്നടിയുമെന്ന് പ്രമുഖ റേറ്രിംഗ് ഏജൻസിയായ ഫിച്ച് വ്യക്തമാക്കി. ഇന്ത്യ 5.9 ശതമാനം വളരുമെന്നായിരുന്നു ഫിച്ച് നേരത്തേ വിലയിരുത്തിയിരുന്നത്. കൊവിഡ്-19 മഹാമാരിമൂലം ആഗോള സമ്പദ്‌വ്യവസ്ഥ നിശ്‌ചലമായതാണ് ഇന്ത്യയ്ക്കും തിരിച്ചടിയാവുക.

കൊവിഡ്-19 ആദ്യം റിപ്പോർട്ട് ചെയ്‌ത ചൈനയുടെ തളർച്ച, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ മാനുഫാക്‌ചറിംഗ് ഇടപാടുകൾക്ക് തിരിച്ചടിയായിരുന്നു. ചൈന, സാധാരണ നിലയിലേക്ക് തിരിച്ചെത്തിത്തുടങ്ങി എങ്കിലും മറ്റു രാജ്യങ്ങൾ തളരുകയാണ്. നടപ്പുവർഷം ഇന്ത്യ 5.9 ശതമാനം വളരുമെന്ന് ഡിസംബറിൽ ഫിച്ച് പറഞ്ഞിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ മാർച്ച് 20ന് അത് 5.1 ശതമാനത്തിലേക്കും ഇന്നലെ രണ്ടു ശതമാനത്തിലേക്കും താഴ്‌ത്തുകയായിരുന്നു.

ഇന്ത്യയിൽ എം.എസ്.എം.ഇ മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലാവുക. കൊവിഡും ലോക്ക് ഡൗണും മൂലം ഉപഭോക്തൃ ചെലവിലുണ്ടാകുന്ന ഇടിവാണ് എം.എസ്.എം.ഇകളെ ബാധിക്കുക. സമ്പദ്‌ വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ ആഘാതം പോലും എം.എസ്.എം.ഇകളുടെ വരുമാനത്തെ ബാധിക്കും. ഇത് ഇവയുടെ വായ്‌പാത്തിരിച്ചടവിനും തിരിച്ചടിയാകും. ഇതുമൂലം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) പ്രതിസന്ധിയിലാകുമെന്നും ഫിച്ച് അഭിപ്രായപ്പെട്ടു. മറ്റൊരു പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസും 2020 കലണ്ടർ വർഷം ഇന്ത്യയുടെ വളർച്ച നേരത്തേ വിലയിരുത്തിയ 5.3 ശതമാനത്തിൽ നിന്ന് 2.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

തളരുന്ന ഇന്ത്യ

കൊവിഡ്-19, ലോക്ക് ഡൗൺ, ആഗോള സമ്പദ്മാന്ദ്യം എന്നിവമൂലം നടപ്പു സാമ്പത്തിക വർഷം (2020-21) ഇന്ത്യയുടെ ജി.ഡി.പി വളർച്ച കൂപ്പുകുത്തുമെന്ന് പ്രമുഖ ധനകാര്യ, റേറ്രിംഗ് സ്ഥാപനങ്ങൾ വിലയിരുത്തുന്നു.

2020-21ലെ ഇന്ത്യൻ ജി.ഡി.പി വളർച്ച സംബന്ധിച്ച പ്രമുഖ ഏജൻസികളുടെ വിലയിരുത്തൽ ഇങ്ങനെ:

മൂഡീസ്

ഫിച്ച്

എ.ഡി.ബി

വളർച്ച ഇടിയുമെന്ന്

എ.ഡി.ബിയും

കൊവിഡ്-19 ജന ജീവിതത്തെയും ധനകാര്യ, വ്യാപാര ഇടപാടുകളെയും ബാധിച്ചതിനാൽ ഇന്ത്യയുടെ സമ്പദ്‌വളർച്ച കുറയുമെന്ന് ഏഷ്യൻ വികസന ബാങ്കും (എ.ഡി.ബി) വ്യക്തമാക്കി. 2020-21ൽ നാലു ശതമാനവും 2021-22ൽ 6.2 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. 2020-21ൽ ദക്ഷിണേഷ്യയുടെ വളർച്ച 4.1 ശതമാനമായിരിക്കും. 2021-22ൽ ആറു ശതമാനവും.

2.3%

കൊവിഡ്-19 ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയുടെ ജി.ഡി.പി വളർച്ച 2020ൽ 2.3 ശതമാനത്തിലേക്ക് ഇടിയുമെന്ന് എ.ഡി.ബി പറയുന്നു. കഴിഞ്ഞവർഷം വളർച്ച 6.1 ശതമാനമായിരുന്നു.

₹310 ലക്ഷം കോടി

കൊവിഡ്-19 മൂലം ആഗോള സമ്പദ്‌മേഖലയ്ക്ക് 4.1 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 310 ലക്ഷം കോടി രൂപ) നഷ്‌ടമുണ്ടാകുമെന്ന് എ.ഡി.ബി പറയുന്നു. ഇതിൽ ചൈനയുടെ മാത്രം നഷ്‌ടം 62,800 കോടി ഡോളറായിരിക്കും.

₹128 കോടി

ലോക്ക് ഡൗൺമൂലം മുംബയും ഡൽഹിയും പ്രതിവാരം കുറിക്കുന്ന നഷ്ടം 76 മുതൽ 128 കോടി രൂപവരെയാണെന്ന് ബർക്ളെയ്സ് റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കി.