ന്യൂഡൽഹി: കാസർകോട് നിന്നു മംഗലാപുരത്തേക്കുള്ള ദേശീയ പാതയിലെ അതിർത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കർണാടക സർക്കാരിന് തിരിച്ചടി.
അടിയന്തര ചികിത്സതേടി മംഗലാപുരത്തേക്ക് പോകുന്നവരെ കടത്തി വിടണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.
കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം നിരസിച്ചു. ഹൈക്കോടതി ഉത്തരവ് അതേപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ അംഗങ്ങളും
കേന്ദ്ര ആരോഗ്യ സെക്രട്ടറി അദ്ധ്യക്ഷനുമായ സമിതി രൂപീകരിച്ച് ഏതെല്ലാം രോഗികളെ കൊണ്ടുപോകാമെന്നത് അടക്കമുള്ള മാർഗനിർദേശങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ഇരു സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു.
ഏപ്രിൽ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സമിതിയുടെ തീരുമാനം അറിയിക്കണം.
ഈ ഉത്തരവ് ചരക്ക് നീക്കത്തിന് ബാധകമല്ല.
ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവുവും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ചാണ് വീഡിയോ കോൺഫറൻസിലൂടെ ഹർജി പരിഗണിച്ചത്. കേരളത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരായി.
കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ദക്ഷിണ കന്നട എം.പി മിഥുൻ എം.റായിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിർത്തി അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ ഹർജിയും ഇന്നലെ പരിഗണിച്ചിരുന്നു.
കർണാകടത്തിന്റെ വാദം
1.കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികൾ കാസർകോട്ട്.
2.രോഗ വ്യാപനം തടയാനും പ്രദേശവാസികളുടെ പൊതുതാത്പര്യം കണക്കിലെടുത്തുമാണ് അതിർത്തി അടച്ചത്.
3.രോഗികളെ എത്തിക്കാൻ 21 കിലോമീറ്റർ മാറി മൈസൂർ- കണ്ണൂർ പാതയുണ്ട്. അത് അടച്ചിട്ടില്ല.
കേരളം പറഞ്ഞത്
1.രോഗികളുമായി വരുന്ന വാഹനങ്ങൾ കടത്തിവിടണം.
2. അതിർത്തി അടച്ചതു കാരണം ചികിത്സ ലഭിക്കാതെ ആറ് രോഗികൾ മരിച്ചു.