കോട്ടയം: സംസ്ഥാന ആരോഗ്യവകുപ്പിന് അഭിമാനമായി ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് ഏബ്രഹാം (93), മറിയാമ തോമസ് (88) എന്നിവരാണ് സുഖം പ്രാപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്.
വൃദ്ധദമ്പതികളെ ശുശ്രൂഷിച്ച നഴ്‌സിനെയും കൊവിഡ് രോഗം പിടികൂടിയിരുന്നു. ഇവർക്കും രോഗം ഭേദമായിട്ടുണ്ട്. രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെ നഴ്‌സിനെയും ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. ലോകത്ത്, 60 വയസുള്ള കൊവിഡ് രോഗ ബാധിതരെ ഹൈ റിസ്ക് കാറ്റഗറിയിലാണ് പെടുത്തിയിരുന്നത്.
അതിൽ തന്നെ 90 വയസിനു മുകളിലുള്ള രോഗികൾക്ക് രോഗം ഭേദമാകുന്നതും അത്യപൂർവമാണ്.വൃദ്ധരായ രോഗികൾ മരണത്തിൽ നിന്നും രക്ഷപെടുന്നതും അപൂർവമാണ്. 90 വയസിനു മുകളിൽ പ്രായമുള്ള ഒരാൾ മാത്രമാണ് ഇതിനുമുൻപ് കൊവിഡ് രോഗത്തിൽ നിന്നും രക്ഷ നേടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയിൽ നിന്നുമുള്ള 100 വയസിന് മുകളിലുള്ള ഒരു വനിതയായിരുന്നു ഇവർ. ഈ സാഹചര്യത്തിൽ കേരളം നേടിയ ഈ അപൂർവ നേട്ടം അഭിനന്ദനം അർഹിക്കുന്നതാണ്.