തിരുവനന്തപുരം: കൊവിഡ് 19നെ ശക്തമായി നേരിട്ട് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന നഴ്സിന്റെ ഫോണിലേക്ക് ഒരു കാൾ. അങ്ങേത്തലയ്‌ക്കൽ മഞ്ജുവാര്യർ! ആദ്യം വിശ്വസിക്കാനായില്ലെങ്കിലും സംസാരം തുടർന്നപ്പോൾ മഞ്ജു തന്നെയെന്ന് ഉറപ്പായി.
യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള ഓൺ കാൾ പരിപാടിയിൽ എത്തിയ മഞ്ജു കോട്ടയത്തെ നഴ്സിനെ വിളിക്കാനൊരു കാരണം കൂടിയുണ്ട്. കൊവിഡ് ബാധിതരായ വൃദ്ധ ദമ്പതികളെ ആരു പരിചരിക്കുമെന്ന ചോദ്യം വന്നപ്പോൾ ഞാൻ തയ്യാറെന്ന് പറഞ്ഞ് സ്വയം മുന്നോട്ട് വന്നതാണ് ഇവർ. അതിനിടയിലാണ് ഈ 'മാലാഖയ്ക്ക് ' രോഗം പിടിപെടുന്നത്. കോവിഡിനെ കീഴടക്കും എന്ന നിശ്ചയ ദാർഢ്യത്തോടെ ഐസോലേഷൻ വാർഡിൽ കഴിയുമ്പോഴാണ് പ്രിയ നായികയുടെ വിളിയെത്തിയത്. നഴ്സിന്റെ സേവന സനദ്ധതയെ പ്രശംസിച്ച മഞ്ജു രോഗം ഭേദമായാലുടൻ കാണാമെന്ന് വാക്കും കൊടുത്തു.
കൊവിഡ് 19നെ കേരളം ചെറുത്ത് തോൽപ്പിക്കുമെന്ന നഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്ര് നേരത്തേ വൈറലായിരുന്നു.
'ഹിന്ദി' ബോധവത്ക്കരണത്തിലൂടെ കേരളമാകെ ഏറ്റെടുത്ത കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കരുണാകരനേയും മഞ്ജുവിളിച്ചു.