തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയ്ക്ക് പ്രകാശം പരത്തുന്നത് നല്ല കാര്യം തന്നെയാണെന്നും ജനങ്ങളുടെ മനസ്സിൽ ശരിയായ രീതിയിൽ പ്രകാശം എത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അതിനാവശ്യം നല്ല രീതിയിലുള്ള സാമ്പത്തിക പിന്തുണയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ന് വൈകിട്ട് നടന്ന കൊവിഡ് 19 അവലോകന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പ്രകാശം പരത്തുക എന്നതിനോട് ആർക്കും വിയോജിപ്പ് ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. സാധാരണ നിലയ്ക്ക് പ്രകാശം പരത്തുന്നത് നല്ല കാര്യം തന്നെയാണ്. ചെറുതും വലുതുമായിട്ടുള്ള പാത്തിനായിരങ്ങൾ, ലക്ഷങ്ങൾ...അവരുടെ മനസ്സിൽ ശരിയായ രീതിയിൽ പ്രകാശം എത്തിക്കാൻ കഴിയണം. അതിനാവശ്യം നല്ല രീതിയിലുള്ള സാമ്പത്തിക പിന്തുണയാണ്. അത് പിറകെ വരുമായിരിക്കും. ആദ്യം ഇത്തരം ഒരു പ്രകാശം വരട്ടെ എന്നായിരിക്കും പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടാകുക. അതുമായി രാജ്യം സഹകരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ് സ്വദേശികളായ ഏഴ് പേരിലും കണ്ണൂർ സ്വദേശിയായ ഒരാളിലും തൃശൂർ സ്വദേശിയായ ഒരാളിലുമാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതിൽ ഒരാൾ ഗുജറാത്തിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഇതുവരെ 295 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗം ബാധിച്ച 14 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.